TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: PTI

TMJ Daily

തിരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ നിയമം നടപ്പിലാക്കാന്‍ നീക്കം; പോര്‍ട്ടല്‍ സജ്ജമാക്കും

16 Oct 2023   |   1 min Read
TMJ News Desk

പൗരത്വ നിയമഭേദഗതി ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. പൗരത്വ അപേക്ഷയ്ക്കായി വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പോര്‍ട്ടല്‍ സജ്ജമാക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനങ്ങളുടെ ഇടപെടല്‍ ഇല്ലാതെ തന്നെ പൗരത്വത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാവുന്ന രീതിയിലായിരിക്കും പോര്‍ട്ടല്‍ ക്രമീകരിക്കുക എന്നാണ് സൂചന. 

നേരത്തെ പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്ല് പാസാക്കിയെങ്കിലും ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാത്തതിനാല്‍ നിയമം നടപ്പിലാക്കിയിരുന്നില്ല. 2019 ഡിസംബര്‍ 11 നാണ് പൗരത്വ നിയമഭേദഗതി പാര്‍ലമെന്റ് പാസാക്കിയത്. 2020 ജനുവരി 10 ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ തുടര്‍ നീക്കങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോകുകയായിരുന്നു. 

ഭരണഘടനാ വിരുദ്ധ നിലപാട് 

2014 ഡിസംബര്‍ 31 നോ അതിനു മുമ്പ് പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രൈസ്തവ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പുതിയ പൗരത്വ നിയമഭേദഗതി. നിലവിലെ പൗരത്വനിബന്ധനകളില്‍ ഇളവ് നല്‍കികൊണ്ടാണ് ഇവര്‍ക്ക് പൗരത്വം നല്‍കുന്നത്. ഈ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെന്ന നിലയിലാണ് ഇവരെ പരിഗണിക്കുന്നത്. എന്നാല്‍ ഇവിടങ്ങളില്‍ നിന്നെത്തിയ മുസ്ലിം വിഭാഗത്തില്‍പ്പെടുന്നവര്‍ രാജ്യം വിട്ടു പോകണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

പൗരത്വ നിയമം നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ നേരത്തെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങള്‍ ബില്ലിനെതിരെ രംഗത്തുവന്നിരുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ പൗരത്വം നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ബിജെപിയുടെ പ്രകടന പത്രികയില്‍ നേരത്തെ മുതലുള്ള വാഗ്ദാനങ്ങളില്‍ ഒന്നാണ് പൗരത്വ നിയമഭേദഗതി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇത് യാഥാര്‍ത്ഥ്യമാക്കാനാണ് പുതിയ നീക്കത്തിലൂടെ ശ്രമിക്കുന്നത്.

1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കിയത്. പൗരത്വ ഭേദഗതിക്കെതിരെ 189 ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ എത്തിയത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗാണ് പ്രധാന ഹര്‍ജിക്കാര്‍. പൗരത്വ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളമാണ് സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനം.





#Daily
Leave a comment