
എംപോക്‌സ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി തുടരും
എംപോക്‌സ് രോഗബാധ അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ തുടരാന്‍ തീരുമാനിച്ച് ലോകാരോഗ്യ സംഘടന. ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലും സമീപരാഷ്ട്രങ്ങളിലും വൈറസ് രോഗമായ എംപോക്സ് വ്യാപകമായി പടര്‍ന്ന് പിടിച്ചിരുന്നു. യൂറോപ്പിലേക്കും ഏഷ്യയിലേക്കും എംപോക്‌സ് ക്ലേഡ് വണ്‍ ബി വകഭേദം പടര്‍ന്നതിനെ തുടര്‍ന്നാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അതിവേഗമാണ് രോഗവ്യാപനം. ഈ വര്‍ഷം 46,000-ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോംഗോയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. യുകെ, ജര്‍മ്മനി, സ്വീഡന്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ക്ലേഡ് വണ്‍ ബി വകഭേതം കണ്ടെത്തിയത് രോഗവ്യാപനത്തിന്റെ തീവ്രത അടയാളപ്പെടുത്തുന്നുണ്ട്
സമ്പര്‍ക്കത്തിലൂടെ പടരുന്ന ഒരു വൈറല്‍ അണുബാധയാണ് എംപോക്സ്. വൈറസ് ജനുസ്സില്‍പ്പെട്ട ക്ലേഡ് 1, ക്ലേഡ് 2 എന്നീ രണ്ടു ജനിതക വകഭേദങ്ങള്‍ എംപോക്സ് വൈറസിന്റേതായി തിരിച്ചറിഞ്ഞിട്ടുണ്ട്. എച്ച്1എന്‍1, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് എന്നീ രോഗങ്ങള്‍ വ്യാപിച്ചപ്പോഴാണ് ഇതിനുമുമ്പ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.