
എം എസ് ധോണി വീണ്ടും സിഎസ്‌കെ ക്യാപ്റ്റന്‍
റിതുരാജ് ഗെയ്ക്ക്വാദ് പരിക്കേറ്റ് ഐപിഎല്ലില്‍ നിന്നും പുറത്തായതിനെ തുടര്‍ന്ന് 43 വയസ്സുകാരനായ എം എസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സ് (സിഎസ്‌കെ) ക്യാപ്റ്റനായി തിരിച്ചെത്തുന്നു. രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ റിതുരാജിന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പഞ്ചാബ് കിങ്‌സിനെതിരായ മത്സരം കളിക്കില്ലെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം കളിച്ചിരുന്നു.
കൈമുട്ടിന് പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാനാകാതെ വന്നത്. ഹെയര്‍ലൈന്‍ ഫ്രാക്ചറിനെ തുടര്‍ന്ന് ഈ സീസണില്‍ റിതുരാജിന് കളിക്കാനാകില്ലെന്ന് ചെന്നൈ എക്‌സില്‍ പോസ്റ്റ് ചെയ്തു. എം എസ് ധോണി ടീമിനെ നയിക്കുമെന്നും റിതുരാജിന്റെ പരിക്ക് വേഗം ഭേദമാകട്ടെയെന്ന് ആശംസിച്ചുള്ള പോസ്റ്റില്‍ പറയുന്നു.
ഇന്ന് ചെന്നൈ എംഎം ചിദംബരം സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ നടക്കുന്ന മത്സരത്തില്‍ ധോണി ക്യാപ്റ്റനായി മടങ്ങിയെത്തും. 2023ല്‍ അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റനെ തോല്‍പ്പിച്ച് കിരീടം നേടിയശേഷം ആദ്യമായിട്ടാണ് ധോണി ചെന്നൈയെ നയിക്കുന്നത്.
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നായകത്വം വഹിച്ചതിന്റെ റെക്കോര്‍ഡ് എം എസ് ധോണിക്കാണ്. 226 മത്സരങ്ങള്‍. ഐപിഎല്‍ ചരിത്രത്തില്‍ ആകെ രണ്ട് പേര്‍ മാത്രമാണ് 200 മത്സരങ്ങളില്‍ കൂടുതല്‍ നായകനായിട്ടുള്ളത്. രോഹിത് ശര്‍മ്മ 226 മത്സരങ്ങളില്‍ ക്യാപ്റ്റനായിട്ടുണ്ട്.
ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ക്യാപ്റ്റനും ധോണിയാണ്. 133 മത്സരങ്ങള്‍. ഇവിടേയും ധോണിയുടെ പിന്നില്‍ രോഹിത് ആണ്. 87 മത്സരങ്ങളില്‍ രോഹിത് വിജയിച്ചുണ്ട്.
ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ അടിച്ചത് ധോണിയാണ്. 216 സിക്‌സുകള്‍. രണ്ടാം സ്ഥാനത്ത് വിരാട് കോലിയാണ് 168 സിക്‌സുകള്‍. രോഹിത് ശര്‍മ്മ 158 സിക്‌സുകളുമായി മൂന്നാമത് ഉണ്ട്.