
മുകേഷ് ചന്ദ്രാകറിനെ കൊലപ്പെടുത്തിയത് ക്രൂരമായി; മുഖ്യപ്രതി ഹൈരാബാദില്‍ പിടിയില്‍
ഛത്തീസ്ഗഡിലെ ബസ്തറില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകനും യൂട്യൂബറുമായ മുകേഷ് ചന്ദ്രാകര്‍ ക്രൂരമായി പീഢിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അക്രമികള്‍ 28 വയസ്സുകാരനായ മുകേഷിന്റെ ഹൃദയം കീറിമുറിക്കുകയും കഴുത്ത് ഒടിക്കുകയും ചെയ്തു. തലയില്‍ 15 പൊട്ടലുകള്‍ ഉണ്ട്. അഞ്ച് വാരിയെല്ലുകള്‍ ഒടിക്കുകയും കരള്‍ നാല് കഷ്ണമാക്കുകയും ചെയ്തു. ഇത്രയും ക്രൂരമായൊരു കൊലപാതകം കണ്ടിട്ടില്ലെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറയുന്നു.
അതേസമയം, മുകേഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ കരാറുകാരന്‍ സുരേഷ് ചന്ദ്രാകറിനെ പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദില്‍ നിന്നും ഇന്നലെ രാത്രി പിടികൂടി. സുരേഷിന്റെ സഹോദരങ്ങളായ റിതേഷ് ചന്ദ്രാകര്‍, ദിനേഷ് ചന്ദ്രാകര്‍ എന്നിവരേയും മഹേന്ദ്ര എന്ന മറ്റൊരാളേയും ശനിയാഴ്ച്ച പൊലീസ് പിടികൂടിയിരുന്നു. റിതേഷിനെ റായ്പൂരില്‍ നിന്നും ദിനേഷിനേയും മഹേന്ദ്രയേയും ബീജാപൂരില്‍ നിന്നുമാണ് പിടികൂടിയത്.
റായ്പൂരിലെ കരാറുകാരനായ സുരേഷിനെ കാണാന്‍ പോയ മുകേഷിനെ കാണാനില്ലെന്ന് ജനുവരി 1നാണ് റിപ്പോര്‍ട്ട് ചെയ്തത്. റിതേഷാണ് സുരേഷുമായുള്ള മുകേഷിന്റെ കൂടിക്കാഴ്ച്ച ക്രമീകരിച്ചത്. കൂടിക്കാഴ്ച്ചയ്ക്കായി പോയ മുകേഷിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനെ തുടര്‍ന്ന് സഹോദരന്‍ യുകേഷ് പരാതി നല്‍കുകയായിരുന്നു.
നാല് ദിവസത്തിനുശേഷം റോഡ് കരാറുകാരനായ സുരേഷിന്റെ വീടിനടുത്ത് ബാഡ്മിന്റണ്‍ കോര്‍ട്ടിന് സമീപത്തെ സെപ്ടിക് ടാങ്കില്‍ നിന്നും മുകേഷിന്റെ മൃതദേഹം കണ്ടെത്തി. ടാങ്കില്‍ പുതുതായി കോണ്‍ക്രീറ്റ് ചെയ്ത് സ്ലാബ് ഉപയോഗിച്ച് മൂടിയത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ടാങ്കില്‍ തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് മൃതദേഹം ലഭിച്ചത്.
സുരേഷിന്റെ അഴിമതി പുറത്തു കൊണ്ട് വന്നതിനെ തുടര്‍ന്നാണ് മുകേഷിനെ കൊലപ്പെടുത്തിയത്. ബസ്തറിലെ റോഡ് നിര്‍മ്മാണത്തിലെ 120 കോടി രൂപയുടെ ക്രമക്കേടുകളാണ് മുകേഷ് പുറത്ത് കൊണ്ടുവന്നത്. വാര്‍ത്തയെ തുടര്‍ന്ന് സുരേഷിനെതിരെ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിരുന്നു.