മുക്താര്‍ അന്‍സാരി | PHOTO: PTI
മുക്താര്‍ അന്‍സാരിയുടെ മരണം ഹൃദയാഘാതം മൂലം
ഉത്തര്‍പ്രദേശിലെ മുന്‍ എംഎല്‍എ-യും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ മുക്താര്‍ അന്‍സാരി മരണമടഞ്ഞത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയായിരുന്ന അന്‍സാരി വ്യാഴാഴ്ച രാത്രിയാണ് മരണമടഞ്ഞത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണമടയുകയായിരുന്നു.
അന്‍സാരിയെ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകനടക്കമുള്ള ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് അഞ്ച് പേരടങ്ങുന്ന ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി നിയോഗിച്ചത്. അന്‍സാരിയുടെ ഇളയ മകന്‍ ഉമര്‍ അന്‍സാരിയുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു മൃതദേഹ പരിശോധന.
മൃതദേഹ പരിശോധനയില്‍ വിഷം ഉള്ളില്‍ ചെന്നതിനുള്ള തെളിവുകള്‍ ഇല്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും ഡോക്ടര്‍മാരുടെ പാനല്‍ റിപ്പോര്‍ട്ട് നല്‍കിയതായി റാണി ദുര്‍ഗ്ഗാവതി മെഡിക്കല്‍ കോളേജ് വൃത്തങ്ങള്‍ അറിയിച്ചതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് കൈമാറിയ മുക്താര്‍ അന്‍സാരിയുടെ മൃതദേഹം വെള്ളിയാഴ്ച്ച വൈകുന്നേരം വീട്ടിലെത്തിച്ചു. കബറടക്കം ശനിയാഴ്ച നടക്കും. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ പ്രദേശമാകെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.