TMJ
searchnav-menu
post-thumbnail

TMJ Daily

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയിലേക്ക്; ആശങ്ക വേണ്ടെന്ന് അധികൃതര്‍ 

21 Dec 2023   |   1 min Read
TMJ News Desk

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 139.9 അടിയായി ഉയര്‍ന്നു. പരമാവധി സംഭരണശേഷി 142 അടിയാണ്. നീരൊഴുക്ക് കൂടിയതും, തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയാണ് ഡാമിലേക്ക് നീരൊഴുക്ക് കൂട്ടിയത്. സെക്കന്റില്‍ 2,000 ഘനയടിയോളം വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. മണിക്കൂറില്‍ .5 അടി വീതമാണ് ജലനിരപ്പ് ഉയരുന്നത്. 

മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 105 ഘനയടിയായി കുറച്ചിരുന്നു. പിന്നീട് അത് 300 ഘനയടിയായി ഉയര്‍ത്തി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. നിലവിലെ സ്ഥിതിയില്‍ നീരൊഴുക്ക് തുടര്‍ന്നാല്‍ നാലു മണിക്കൂര്‍കൊണ്ട് 140 അടിയിലെത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ മഴ കുറഞ്ഞതോടെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. 

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും തമിഴ്‌നാട്ടിലും കനത്തമഴ പെയ്ത സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ചൊവ്വാഴ്ച തുറക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മഴ കുറഞ്ഞതോടെ അണക്കെട്ട് തുറക്കാനുള്ള തീരുമാനം തമിഴ്‌നാട് ഉപേക്ഷിക്കുകയായിരുന്നു. സെക്കന്റില്‍ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ തുറന്നുവിടാമെന്നായിരുന്നു തമിഴ്‌നാട് പൊതുമരാമത്തു വകുപ്പ് അറിയിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു. 

രാജ്യാന്തര വിദഗ്ധര്‍ പരിശോധിക്കണം 

രാജ്യാന്തര വിദഗ്ധരെ ഉള്‍പ്പെടുത്തി മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ ഈ മാസം ആദ്യം സമീപിച്ചിരുന്നു. ജനുവരി പകുതിയില്‍ ഹര്‍ജി കോടതി പരിഗണിക്കുമെന്നാണ് സൂചന. ഐക്യരാഷ്ട്രസഭയുടെ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍, എന്‍വയോണ്‍മെന്റ് ആന്റ് ഹെല്‍ത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ പഴക്കമുള്ള ആറു ഡാമുകളിലൊന്നാണ് മുല്ലപ്പെരിയാര്‍. 

സെപ്തംബറില്‍ ലിബിയയില്‍ രണ്ടു അണക്കെട്ടുകള്‍ തകര്‍ന്ന് 11,000 ല്‍ പരം ആളുകളാണ് മരിച്ചത്. ന്യൂയോര്‍ക്ക് ടൈംസില്‍ സെപ്തംബര്‍ 17 ന് വന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്ന ഭീഷണി നേരിടുന്ന ഡാമുകളിലൊന്ന് മുല്ലപ്പെരിയാറാണ്. 128 വര്‍ഷം മുമ്പ് പണിതതാണ് മുല്ലപ്പെരിയാര്‍ ഡാം. 2022 ഏപ്രില്‍ എട്ടിന് സാങ്കേതിക വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി സുപ്രീംകോടതി പുനഃസംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഒന്നരവര്‍ഷം പിന്നിട്ടിട്ടും സമഗ്ര സുരക്ഷാ പരിശോധനയില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.


#Daily
Leave a comment