
ബഹുരാഷ്ട്ര കമ്പനികൾ, ദരിദ്രരാജ്യങ്ങളിൽ വിൽക്കുന്നത് ഗുണമേന്മയില്ലാത്ത ഭക്ഷ്യ ഉത്പന്നങ്ങൾ
ഭക്ഷ്യ-പാനീയ ഉത്പാദന കമ്പനികൾ, ദരിദ്രരാജ്യങ്ങളിൽ ഗുണമേന്മയില്ലാത്ത ഭക്ഷ്യ ഉത്പന്നങ്ങൾ വിപണനം നടത്തിയെന്ന് റിപ്പോർട്ട് . സമ്പന്ന രാജ്യങ്ങളിൽ വിൽക്കുന്നതിനേക്കാൾ ഗുണമേന്മ കുറഞ്ഞ ഉത്പന്നങ്ങളാണ് ദരിദ്ര രാജ്യങ്ങളിൽ ഉത്പാദന കമ്പനികൾ വിൽക്കുന്നതെന്നതാണ് പുതിയ റിപ്പോർട്ട് പറയുന്നത്. നെസ്ലെ, പെപ്സികോ, യൂണിലിവർ എന്നീ കമ്പനികൾ വിൽപ്പന നടത്തുന്ന ഉത്പന്നങ്ങൾക്കാണ് ആക്സസ് ടു ന്യൂട്രീഷൻ ഇനിഷ്യേറ്റീവ് (ATNI) പ്രസിദ്ധീകരിച്ച ആഗോള സൂചികയിൽ കുറഞ്ഞ റേറ്റിംഗ് ലഭിച്ചത്. 2021ന് ശേഷം ആദ്യമായാണ് ഇങ്ങനൊരു വിലയിരുത്തൽ നടത്തുന്നത്.
ഉത്പന്നങ്ങളുടെ ഗുണമേന്മ വിലയിരുത്തുന്നതിനായി ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവടങ്ങളിൽ വികസിപ്പിച്ചെടുത്ത സ്റ്റാർ റേറ്റിംഗ് സിസ്റ്റത്തിന്റെ അടിസ്ഥാനത്തിൽ 30 കമ്പനികളെ ആണ് എറ്റിഎൻഐ വിലയിരുത്തിയത്. ഹെൽത്ത് സ്റ്റാർ റേറ്റിംഗ് സിസ്റ്റത്തിൽ ഉത്പന്നങ്ങളെ അവ നൽകുന്ന ആരോഗ്യ ഗുണങ്ങളുടെ അടിസ്ഥാനത്തിൽ 5ൽ നിന്നാണ് റേറ്റ് ചെയ്യുന്നത്. 5ൽ 5 സ്കോറും ലഭിക്കുന്ന ഉത്പന്നങ്ങൾ മികച്ചതായും 3.5 ലഭിക്കുന്ന ഉത്പന്നങ്ങൾ ആരോഗ്യകരമായ തിരഞ്ഞെടുപ്പായും കണക്കാക്കുന്നു.
ദരിദ്ര രാജ്യങ്ങളിൽ ബഹുരാഷ്ട്ര കമ്പനികൾ വിൽക്കുന്ന ഉത്പന്നങ്ങൾക്ക് 1.8 ആണ് സ്റ്റാർ റേറ്റിംഗ് ലഭിച്ചിരിക്കുന്നത്. സമ്പന്ന രാജ്യങ്ങളിൽ ഉത്പന്നങ്ങളുടെ റേറ്റിംഗ് 2.8ന് താഴേക്ക് പോയിട്ടില്ല. കമ്പനികൾ കൂടുതൽ സജീവമായ ദരിദ്ര രാജ്യങ്ങളിൽ വിൽക്കുന്ന ഉത്പന്നങ്ങൾക്ക് ഗുണമേന്മയില്ലെന്നാണ് ചിത്രം വ്യക്തമാക്കുന്നതെന്ന് എറ്റിഎൻഐയുടെ റിസർച്ച് ഡയറക്ടർ മാർക്ക് വിജ്നെ പറയുന്നു. ആദ്യമായാണ് ദരിദ്ര-സമ്പന്ന രാജ്യങ്ങളെന്ന അടിസ്ഥാനത്തിൽ സൂചിക ഉപയോഗിച്ച് വിലയിരുത്തൽ നടത്തുന്നത്. കൂടുതൽ പോഷകഗുണമുള്ള ഭക്ഷണങ്ങളുടെ വിൽപ്പന വർദ്ധിപ്പിക്കാനും കൂടുതൽ സമീകൃതാഹാരങ്ങളിലേക്ക് ആളുകളെ നയിക്കാനും തങ്ങൾ പ്രതിജ്ഞാബന്ധരാണെന്നാണ് നെസ്ലെയുടെ വക്താവ് ഈ വിഷയത്തിൽ പ്രതികരിച്ചത്. ഭക്ഷ്യപദാർത്ഥങ്ങളിലെ സോഡിയം കുറയ്ക്കാനും ധാന്യങ്ങൾ പോലുള്ള ചേരുവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താനുമുള്ള ശ്രമങ്ങൾ കഴിഞ്ഞ വർഷം മുതൽ സ്വീകരിക്കുന്നുണ്ടെന്ന് പെപ്സികോയുടെ വക്താവ് അവകാശപ്പെട്ടു.