
പരീക്ഷണയോട്ടത്തിനിടെ പാളംതെറ്റി മുംബൈ മോണോറെയില്‍ ട്രെയിന്‍
പരീക്ഷണയോട്ടത്തിനിടെ മുംബൈ മോണോറെയില്‍ ട്രെയിന്‍ പാളം തെറ്റി ബീമിലിടിച്ചു. ബുധനാഴ്ച രാവിലെ വഡാലയിൽ വച്ചാണ് സംഭവം. അപകടത്തില്‍ ട്രെയിന്‍ ക്യാപ്റ്റന്‍ അടക്കം മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. മോണോറെയിൽ പ്രവർത്തിപ്പിക്കുന്ന മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (എംഎംഎംഒസിഎൽ) അപകടത്തെ "ചെറിയ സംഭവം" എന്നാണ് വിശേഷിപ്പിച്ചത്.
മൺസൂൺ സമയത്തുണ്ടായ സാങ്കേതിക തകരാറുകൾ പരിഹരിക്കാനായി മോണോറെയിൽ സിസ്റ്റം സെപ്തംബർ 20 മുതൽ പ്രവർത്തനരഹിതമാക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് സർവീസ് സജീവമാക്കുന്നതിനായി 4 കോച്ചുകളുള്ള 10 പുതിയ ട്രെയിനുകൾ വാങ്ങിയതായി അധികൃതർ അറിയിച്ചു. 55 കോടി രൂപയാണ് ഒരു ട്രെയിനിന്റെ വില.
അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ട്രെയിനിന്റെ ആദ്യ കോച്ച് ട്രാക്ക് ബീമിൽ ഇടിച്ചു നിൽക്കുന്നതും മറ്റു ഭാഗങ്ങൾ പാളത്തിൽ നിന്ന് പുറത്തേക്ക് ചരിഞ്ഞതും ദൃശ്യങ്ങളിൽ കാണാം. അഗ്നി രക്ഷാ സേന എത്തിയാണ് ട്രെയിനിലുണ്ടായിരുന്ന ഓപ്പറേറ്ററെയും എൻജിനീയറെയും രക്ഷിച്ചത്.


