
തഹാവുര്‍ റാണ
മുംബൈ ഭീകരാക്രമണം: തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ യുഎസ് സുപ്രീംകോടതിയുടെ അനുമതി
മുംബൈ ഭീകരാക്രമണക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ട തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ യുഎസ് സുപ്രീംകോടതി അനുവദിച്ചു. തന്നെ കൈമാറാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ടു കൊണ്ട് റാണ സമര്‍പ്പിച്ച പുനരവലോകന ഹര്‍ജി കോടതി തള്ളി.
2008ല്‍ മുംബൈയില്‍ ഭീകരാക്രമണം നടത്തുന്നതില്‍ പ്രധാനപങ്കുവഹിച്ചുവെന്ന് ആരോപണം നേരിടുന്ന വ്യക്തിയാണ് പാകിസ്ഥാന്‍ വംശജനായ ഈ കനേഡിയന്‍ ബിസിനസുകാരന്‍.
റാണയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ആവശ്യം യുഎസ് അംഗീകരിച്ചത് മുതല്‍ അയാള്‍ ലോസ് ആഞ്ജലസിലെ ജയിലില്‍ തടവിലാണ്. മുംബൈ ഭീകരാക്രമണ കേസില്‍ അനവധി ക്രിമിനല്‍ കുറ്റങ്ങളാണ് റാണയുടെ പേരിലുള്ളത്. പാകിസ്ഥാന്‍- അമേരിക്കന്‍ ഭീകരനായ ദാവൂദ് ഗിലാനിയെന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായും റാണയ്ക്ക് ബന്ധമുണ്ട്. ഇരുവരും മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയെ സഹായിച്ചു. ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരും ആണിവര്‍.
റാണയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് 2019 ഡിസംബറില്‍ ഇന്ത്യ യുഎസിനോട് ആവശ്യപ്പെട്ടിരുന്നു. ബൈഡന്‍ ഭരണകൂടം ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചു. കുറ്റവാളികളെ കൈമാറാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 1997ല്‍ ഒപ്പുവച്ചിട്ടുണ്ട്.
ബൈഡന്‍ ഭരണകൂടം റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ തീരുമാനിച്ചത് മുതല്‍ അനവധി കീഴ്‌ക്കോടതികളിലും ഫെഡറല്‍ കോടതികളിലും തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അയാള്‍ ഹര്‍ജികള്‍ നല്‍കുകയും പരാജയപ്പെടുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 13നാണ് യുഎസ് സുപ്രീംകോടതിയില്‍ റാണ സെര്‍ഷോററി റിട്ട് പ്രകാരം ഹര്‍ജി നല്‍കിയത്. അത് ജനുവരി 21ന് സുപ്രീംകോടതി തള്ളി.