
മുംബൈ ട്രെയിൻ സ്ഫോടന കേസ് പ്രതികളെ കുറ്റ വിമുക്തരാക്കി
മുംബൈയിൽ 2006ൽ നടന്ന ട്രെയിൻ സ്‌ഫോടനങ്ങളിൽ കീഴ്‌ക്കോടതി ശിക്ഷിച്ച 12 പേരെയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. 2015ൽ വിചാരണ കോടതി കുറ്റക്കാരായി കണ്ടെത്തിയ 12 പ്രതികളിൽ അഞ്ച് പേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തം തടവും വിധിച്ചിരിന്നു.
പ്രതികൾക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ജസ്റ്റിസ് അനിൽ കിലോർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. 2006ൽ നടന്ന ട്രെയിൻ സ്‌ഫോടനത്തിൽ 189 പേർ കൊല്ലപ്പെടുകയും 800ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം പത്തൊൻപത് വർഷങ്ങൾക്ക് ശേഷമാണ് പ്രതികളെ കുറ്റവിമുക്തരാക്കുന്നത്.
മുംബൈയിലെ പല ലോക്കൽ ട്രെയിനുകളിലായി ഏഴ് ബോംബ് സ്‌ഫോടനങ്ങളാണ് 2006 ജൂലൈയിൽ 11 മിനിറ്റുകൾക്കിടെ നടന്നത്. ആദ്യ സ്ഫോടനം വൈകുന്നേരം 6.24നാണ് ഉണ്ടായത്. അവസാനത്തേത് വൈകുന്നേരം 6.35നും. ചർച്ച്ഗേറ്റിൽ നിന്നുള്ള ട്രെയിനുകളുടെ ഫസ്റ്റ്ക്ലാസ് കമ്പാർട്ടുമെന്റുകളിലാണ് ബോംബുകൾ സ്ഥാപിച്ചിരുന്നത്. മാട്ടുംഗ റോഡ്, മാഹിം ജംഗ്ഷൻ, ബാന്ദ്ര, ഖാർ റോഡ്, ജോഗേശ്വരി, ഭയാന്ദർ, ബോറിവാലി എന്നീ സ്റ്റേഷനുകൾക്ക് സമീപത്ത് വച്ചാണ് സ്ഫോടനങ്ങൾ ഉണ്ടായത്.
വിചാരണ കോടതി, സ്ഫോടനക്കേസിൽ 12 പേരെ കുറ്റക്കാരായി 2015ൽ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടിന്റെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ഫൈസൽ ഷെയ്ഖ്, ആസിഫ് ഖാൻ, കമാൽ അൻസാരി, എഹ്തെഷാം സിദ്ദുഖി, നവീദ് ഖാൻ എന്നീ പ്രതികൾക്ക് വധശിക്ഷ വിധിച്ചു. ഗൂഢാലോചനയിൽ പങ്കാളികളായ മറ്റ് ഏഴ് പ്രതികളായ മുഹമ്മദ് സാജിദ് അൻസാരി, മുഹമ്മദ് അലി, ഡോ തൻവീർ അൻസാരി, മജിദ് ഷാഫി, മുസമ്മിൽ ഷെയ്ഖ്, സൊഹൈൽ ഷെയ്ഖ്, സമീർ ഷെയ്ഖ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചിരുന്നു. ബോംബെ ഹൈക്കോടതിയുടെ ഇന്നത്തെ വിധി 12 പ്രതികളെയും കുറ്റവിമുക്തരാക്കി വെറുതെ വിട്ടു.


