
മുനമ്പം: വഖഫ് നിയമ ഭേദഗതി നിയമം പ്രശ്‌ന പരിഹാരമാവുന്നില്ലെന്ന് മുഖ്യമന്ത്രി
വഖഫ് ഭേദഗതി ബില്‍ പാസായതോടെ മുനമ്പം പ്രശ്‌നത്തിന് പരിഹാരമാവും എന്നത് തെറ്റിദ്ധരിപ്പിക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആസൂത്രിതമായി സാമുദായിക സംഘര്‍ഷത്തിന് തീ കോരിയിടാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
മുനമ്പത്തെ വിഷയം ന്യായമായതാണ്. എന്നാല്‍ സങ്കീര്‍ണ്ണവുമാണ്. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നവരുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ പ്രതിവിധിക്കായി എന്തു ചെയ്യണം എന്നതു സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കമീഷനെ നിയോഗിച്ചത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി എതിരായെങ്കിലും ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ച് വിധി വന്നിരിക്കുകയാണ്. വിധി മുനമ്പം കമീഷന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ സഹായകമാവും. അതുവഴി പ്രശ്‌ന പരിഹാരവും സാധ്യമാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ വഖഫ് നിയമ ഭേദഗതി നിയമം വന്നതുകൊണ്ട് അവിടെ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്നില്ല. ബില്‍ അവതരിപ്പിച്ച മന്ത്രിതന്നെ ഇതിന് മുന്‍കാല പ്രാബല്യമില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ പാസായ ബില്ലിലെ ഏത് ക്ലോസാണ് മുനമ്പത്തെ പ്രശ്‌നം പരിഹരിക്കുന്നത് എന്നത് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നുമില്ല. പുകമറ സൃഷ്ടിച്ചുകൊണ്ട് രാഷ്ട്രീയ നേട്ടം വല്ലതും കിട്ടുമോ എന്നാണ് ബിജെപി ഇവിടെ ശ്രമിക്കുന്നത്. ഇക്കാര്യം മുനമ്പം നിവാസികള്‍ക്ക് തന്നെ ബോധ്യപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വഖഫ് ബില്ലും മുനമ്പം വിഷയവും ബന്ധിപ്പിച്ചുള്ള ബിജെപിയുടെ വാദങ്ങള്‍ അവരുടെ രാഷ്ട്രീയ അജണ്ടയെയാണ് വ്യക്തമാക്കുന്നത്. ബിജെപിയുടെ ക്രിസ്ത്യന്‍ പ്രേമ നാടകത്തിലെ ഒരു എപ്പിസോഡ് മാത്രമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. വര്‍ഗ്ഗീയ മുതലെടുപ്പിനുള്ള ശ്രമമാണ് മുനമ്പത്തെ മുന്‍നിര്‍ത്തി ബിജെപി നടത്തുന്നത്. എന്നാല്‍ ഇത് ഏറ്റവും കൂടുതല്‍ തിരിച്ചറിയുന്നത് മുനമ്പം നിവാസികള്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
ജബല്‍പൂര്‍ ക്രൈസ്തവ ആക്രമണം നടന്നത് ഏതാണ്ട് ഇതേ സമയത്താണ്. സംഘപരിവാര്‍ സംഘടനകളായിരുന്നു ആക്രമണത്തിനു പിന്നില്‍. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഈ അതിക്രമം. ക്രൈസ്തവ ന്യൂനപക്ഷത്തോട് സംഘപരിവാര്‍ സംഘടനകള്‍ വച്ചു പുലര്‍ത്തുന്ന അടിസ്ഥാന നിലപാട് എന്താണെന്ന് വ്യക്തമാക്കുന്ന ഒന്നാണ് ജബല്‍പൂരില്‍ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യസഭ വഖഫ് നിയമ ഭേദഗതി പാസ്സാക്കിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ തനിനിറം കാട്ടി. ഏപ്രില്‍ 4 നു വന്ന ഓര്‍ഗനൈസര്‍ ലേഖനത്തില്‍ കത്തോലിക്കാ സഭയാണ് വഖഫ് ബോര്‍ഡിനേക്കാള്‍ ഭൂമി കയ്യടക്കി വെച്ചിരിക്കുന്നത് എന്ന നരേറ്റീവായിരുന്നു ഉണ്ടായിരുന്നത്. സംഘപരിവാറിന്റെ അടുത്ത ലക്ഷ്യം കത്തോലിക്കാ സഭയും സഭയുടെ സ്വത്തുമാണെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഇനി പാര്‍ലമെന്റില്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കപ്പെടുക ഏതു വിഷയത്തിലാവും എന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേ? മുനമ്പം ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ ക്രൈസ്തവ ജനത ഇത് കൃത്യമായി തിരിച്ചറിയും.
ക്രൈസ്തവരുള്‍പ്പെടെയുള്ള മലയോര ജനതയെ എല്ലാ വിധത്തിലും വഞ്ചിക്കുന്ന നിലപാടാണ് ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും. ഏറ്റവുമൊടുവില്‍ ട്രംപിന്റെ പകര ചുങ്ക വിഷയം എടുക്കുക. ട്രംപ് ഏര്‍പ്പെടുത്തിയ പകര ചുങ്കം റബ്ബര്‍, കാപ്പി കൃഷിക്കാരെ കാര്യമായി ബാധിക്കുന്ന നിലയാണുണ്ടാവുക. ചെമ്മീന്‍ കൃഷിക്കാരെയും ഇത് ബാധിക്കും. എന്നാല്‍ പകര ചുങ്കത്തിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരക്ഷരം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അമേരിക്കയ്ക്കു മുന്നില്‍ മുട്ടില്‍ ഇഴയുന്ന നില. ബിജെപിയുടെ ക്രിസ്ത്യന്‍ പ്രേമം അടിമുടി വ്യാജമാണ് എന്നാണ് ഇതും കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.