
മുനമ്പം ഭൂമി: വഖഫ് നിയമത്തില്‍ പരിഹാരമില്ലെന്ന് കേന്ദ്ര മന്ത്രി
മുനമ്പം ഭൂമി വിഷയം പരിഹരിക്കാനുള്ള മാര്‍ഗ്ഗം വഖഫ് നിയമത്തിലുണ്ടെന്ന ബിജെപിയുടെ നിലപാടിനെ തള്ളി കേന്ദ്ര മന്ത്രി. കേന്ദ്ര സര്‍ക്കാര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പാസാക്കിയ വഖഫ് നിയമത്തില്‍ മുനമ്പം ഭൂമി വിഷയത്തിനുള്ള പരിഹാരമില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
വഖഫ് ബില്‍ പാസാകുന്നതോടെ മുനമ്പത്തെ താമസക്കാര്‍ക്ക് ഭൂമി തിരികെ ലഭിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി റിജിജു പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതിന് വിരുദ്ധമായ പ്രസ്താവനയാണ് മുനമ്പത്ത് ബിജെപി സംഘടിപ്പിച്ച നന്ദി മോഡി പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയത്. മുനമ്പത്തുകാര്‍ നിയമ പോരാട്ടം തുടരേണ്ടിവരുമെന്നും റിജിജു വ്യക്തമാക്കി.
വഖഫ് ബില്ലിനുമേല്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുനമ്പം പ്രശ്‌നപരിഹാരം കൂടിയാണ് ബില്ലെന്ന് പറഞ്ഞിരുന്നു. കേരളത്തിലെ ബിജെപി നേതാക്കളും ഇക്കാര്യം ആവര്‍ത്തിച്ചു.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ മുനമ്പം നിവാസികളെ ചതിക്കുകയായിരുന്നുവെന്ന് സമര സമിതി കണ്‍വീനര്‍ ജോസഫ് ബെന്നി പറഞ്ഞു. ഇനി നീതി ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം വേദനിപ്പിച്ചുവെന്നും ബെന്നി പറഞ്ഞു.
വഖഫ് നിയമത്തില്‍ ഒരുവരികൂടി ചേര്‍ത്താല്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണിതെന്നും അതിന് തയ്യാറാകാതെ പ്രശ്‌നങ്ങള്‍ കോടതിയിലേക്ക് വലിച്ചിഴയ്ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് നടക്കുന്നതെന്നും ബെന്നി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബിജെപി വര്‍ഗീയ ഭിന്നിപ്പ് ഉണ്ടാക്കുന്നുവെന്ന് മന്ത്രി രാജീവ് പറഞ്ഞു. ബിജെപിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മുനമ്പത്തെ ജനതയ്ക്കും കേരളത്തിനാകെയും തിരിച്ചറിയാനുള്ള അവസരമാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണമെന്നും രാജീവ് പ്രസ്താവിച്ചു.