
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: കടബാധിതരെ സംസ്ഥാന സര്‍ക്കാര്‍ കൈവിടില്ല: റവന്യൂ മന്ത്രി
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഉയരുന്ന മാതൃക ടൗണ്‍ഷിപ്പില്‍ വീടുകളുടെ നിര്‍മാണം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. മുഴുവന്‍ ടൗണ്‍ഷിപ്പിന്റെയും നിര്‍മ്മാണം 2025-26 സാമ്പത്തികവര്‍ഷം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന പുനരധിവാസ ടൗണ്‍ഷിപ്പ് ആണ് കല്‍പ്പറ്റയില്‍ ഉയരുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിവിധ തലങ്ങളില്‍ ഉള്‍പ്പെട്ട നാല് സമിതികളാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും സ്‌പോണ്‍സര്‍മാരും ഉള്‍പ്പെട്ട സമിതി, ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി, സ്‌പെഷ്യല്‍ ഓഫീസര്‍ എസ് സുഹാസിന്റെ നേതൃത്വത്തിലുള്ള സമിതി, ജില്ലാ കളക്ടര്‍ അധ്യക്ഷയായുള്ള സമിതി എന്നിങ്ങനെ നാല് സമിതികള്‍ എല്ലാതരത്തിലും അവലോകനവും മേല്‍നോട്ടവും നിര്‍വഹിക്കും.
വീടുകള്‍ക്കുള്ള ഗുണഭോക്താക്കളുടെ പട്ടിക പല പട്ടികകളില്‍ ഒന്ന് മാത്രമാണ്. പരിക്കേറ്റവരില്‍ തുടര്‍ചികിത്സ വേണ്ട വരുടെയും വിദ്യാര്‍ത്ഥികളില്‍ തുടര്‍പഠനം വേണ്ടവരുടെയും ഉപജീവനവുമായി ബന്ധപ്പെട്ട മൈക്രോ പ്ലാനില്‍ ഉള്‍പ്പെട്ടവരുടെയും കച്ചവടക്കാരുടെയും ഒക്കെ പട്ടികകള്‍ ഉണ്ട്. വീട് നിര്‍മ്മാണത്തില്‍ മാത്രമായി പുനരധിവാസം ചുരുക്കാനല്ല സര്‍ക്കാര്‍ തീരുമാനം. പുഞ്ചിരിമട്ടത്ത് പൊട്ടിയ ഉരുളിനെക്കാള്‍ ഉയരത്തില്‍ ആളുകളുടെ പുഞ്ചിരി ഉയരണം. അതാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളത്.
ദുരിതബാധിതരുടെ 30 കോടിയില്‍പ്പരം രൂപയുടെ ലോണാണ് കേരള ബാങ്ക് എഴുതിത്തള്ളിയതെന്ന് റവന്യു മന്ത്രി ചൂണ്ടിക്കാട്ടി. കടമുള്ള ഏതെങ്കിലും ദുരിതബാധിതരെ സംസ്ഥാന സര്‍ക്കാര്‍ കൈവിടില്ലെന്ന് മന്ത്രി രാജന്‍ ഉറപ്പുനല്‍കി. കോടതി നടപടികള്‍ പദ്ധതിക്ക് വിഘാതമാകും എന്ന് ആരും കരുതേണ്ട.
ദുരിബാധിതര്‍ക്ക് വലിയ ഒരു തുക കൊടുത്ത് തുടര്‍നടപടികള്‍ ഒഴിവാക്കിക്കൂടെ എന്ന് ചോദിക്കുന്നവരുണ്ട്. വയനാടിന്റെ ഭൂമിയുടെ സ്വഭാവം വച്ച് അങ്ങനെ പറ്റില്ല.
ഭൂപരിഷ്‌കരണ നിയമത്തില്‍ നിന്ന് ഇളവു ലഭിച്ച ഒട്ടേറെ ഭൂമിയുള്ള ജില്ലയാണ് വയനാട്. ഈ തുക കൊണ്ട് ആളുകള്‍ വാസയോഗ്യവും നിയമപ്രശ്‌നങ്ങള്‍ ഇല്ലാത്തതുമായ എത്ര ഭൂമി വാങ്ങും എന്ന പ്രശ്‌നമുണ്ട്. ദുരിതബാധിതരെ പൂര്‍ണമായും സഹായിക്കുക എന്ന മനോഭാവമാണ് സര്‍ക്കാരിന്. അതുകൊണ്ടാണ് വയനാട് പുനരധിവാസ പദ്ധതി ലോകത്തിന് മാതൃകയാകുന്നത്, മന്ത്രി കൂട്ടിച്ചേര്‍ത്തു.