.jpeg)
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിനെ അതിതീവ്ര ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ദുരന്തം നടന്ന് 153-ാം നാളിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി രാജീവ് ഗുപ്ത സംസ്ഥാന റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അതിതീവ്ര ദുരന്തമാണെന്ന് പാര്‍ലമെന്റില്‍ കേന്ദ്രം അറിയിച്ചിരുന്നെങ്കിലും രേഖാമൂലം സംസ്ഥാനത്തെ അറിയിച്ചിരുന്നില്ല. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിനെ അതിതീവ്ര ദുരന്തമായി പരിഗണിക്കണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സംഘം നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച മന്ത്രിതല സമിതിയാണ് തീവ്ര ദുരന്തമാണെന്ന് തീരുമാനിച്ചത്. എന്നാല്‍ കൂടുതല്‍ സാമ്പത്തിക സഹായം നല്‍കില്ലെന്നും ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് സഹായം നല്‍കുന്നത് നടപടി ക്രമങ്ങള്‍ അനുസരിച്ചായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
സാധാരണ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചാല്‍ ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നും അധിക ധനസഹായം ലഭിക്കും. കൂടാതെ, എംപിമാരുടെ വികസന ഫണ്ടില്‍നിന്നും ഒരു കോടി രൂപ വരെ ദുരന്ത സഹായമായി ലഭിക്കും. ഇന്ത്യയിലെ എല്ലാ എംപിമാരുടേയും സഹായം തേടാം, അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നും പുനരധിവാസസഹായം തേടാം, ബാങ്കുകള്‍ക്ക് ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാനും സാധിക്കും.
വയനാട് ദുരന്തത്തില്‍ സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറായത് സന്തോഷകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. തീരുമാനം പുനരധിവാസ പ്രവര്‍ത്തനത്തെ വേഗത്തിലാക്കാന്‍ കഴിയുമെന്നദ്ദേഹം പറഞ്ഞു. മാതൃകാപരമായ പുനരധിവാസം വേഗത്തില്‍ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചപ്പോള്‍ കേരളം ഒറ്റക്കെട്ടായി പ്രതിരോധിച്ചുവെന്നും ബിജെപി എംപിമാര്‍ ഒഴികെ എല്ലാവരും ഒന്നിച്ച് നിന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും ഫണ്ടുകള്‍ എത്രയും വേഗം അനുവദിക്കണമെന്നും വയനാട് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു. 'ഒടുവില്‍ അമിത് ഷാ ഈ തീരുമാനം എടുത്തതില്‍ സന്തോഷം. ദുരിതം അനുഭവിച്ച അനവധി ജനങ്ങള്‍ക്ക്, പുനരധിവാസത്തിനും മറ്റുമായി ഈ പ്രഖ്യാപനം സഹായിക്കും. ഇനി എത്രയും വേഗം ഫണ്ടുകളും മറ്റും അനുവദിക്കുക കൂടി വേണം,' പ്രിയങ്ക എക്‌സില്‍ പോസ്റ്റ് ചെയ്തു.