
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍: അതിജീവനത്തിനായി മൈക്രോപ്ലാനുമായി സംസ്ഥാനം
മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ അതിജീവനത്തിനായി മൈക്രോപ്ലാനുമായി സംസ്ഥാന സർക്കാർ. ദുരന്തബാധിതരുടെ ആവശ്യങ്ങളും അത്യാവശ്യങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ചാണ് മൈക്രോപ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. ദുരന്ത ബാധിതരെ നേരില്‍ കണ്ടും വിവിധ വകുപ്പുകളെയും തദ്ദേശ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുമാണ് കുടുംബശ്രീ മിഷന്‍ മൈക്രോപ്ലാന്‍ തയ്യാറാക്കിയത്.
ആരോഗ്യം, പോഷകാഹാരം, ഉപജീവനം, നൈപുണി വികസനം, വിദ്യാഭ്യാസം, മാനസിക സാമൂഹ്യ സുരക്ഷ എന്നീ മേഖലകളിലായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 1084 കുടുംബ മൈക്രോപ്ലാനുകള്‍ കുടുംബശ്രീ തയ്യാറാക്കി ജില്ലാ ഭരണകൂടത്തിന് കൈമാറി. 5987 സേവനങ്ങളാണ് ദുരന്തമേഖലയിലെ കുടുംബങ്ങളുടെ ആവശ്യങ്ങളായി കണ്ടെത്തിയത്. ഹ്രസ്വകാലം, ഇടക്കാലം, ദീര്‍ഘ കാലം എന്നീ രീതിയില്‍ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനാവശ്യമായ അതിജീവന-ഉപജീവന ആവശ്യങ്ങള്‍ മൈക്രോപ്ലാനിലൂടെ നിറവേറ്റും.
ദേശീയാടിസ്ഥാനത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ദുരന്ത പുനരധിവാസത്തിനായി ഒരു മൈക്രോപ്ലാന്‍ വളരെ വേഗം തയ്യാറാക്കിയത്. ഓരോ കുടുംബത്തിന്റെയും നിലവിലുള്ള പ്രതിസന്ധികളും ആവശ്യങ്ങളും മൈക്രോപ്ലാന്‍ രൂപീകരണത്തിനായി പഠന വിധേയമാക്കിയിരുന്നു. ഇതെല്ലാം പ്രത്യേകമായി ക്രോഡീകരിച്ച് തദ്ദേശ സ്ഥാപനത്തിന്റെയും ജില്ലാ ആസൂത്രണസമിതിയുടെയും അംഗീകാരം നേടിയാണ് പ്രാബല്യം നേടിയത്. ദുരന്തബാധിതര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാര നടപടികളും ഇടപെടലുകളും ഇതിനായി വേണ്ടി വരുന്ന ചെലവും സമയക്രമവും ഉള്‍പ്പെടെ മൈക്രോ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം രേഖയാക്കുന്ന കുടുംബാധിഷ്ടിത ആസൂത്രണമാണു മൈക്രോപ്ലാന്‍.
ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം,ഉപജീവനം, നൈപുണി വികസനം,മാനസിക സാമൂഹിക പരിരക്ഷ തുടങ്ങിയ ആറ് മേഖലകളില്‍ ദുരന്തബാധിത കുടുംബങ്ങളുടെ ആവശ്യങ്ങളെ മൈക്രോപ്ലാനിന്റെ ഭാഗമായി സൂക്ഷ്മതലത്തില്‍ വിലയിരുത്തിയിരുന്നു. ദുരന്തത്തിനിരയായ 1084 കുടുംബങ്ങളിലെ 4636 പേരെയും ഉള്‍പ്പെടുത്തി ഇവരുടെ ആവശ്യങ്ങളെ സമഗ്രമായി വിലയിരുത്തി പരിഹാരം കണ്ടെത്താനുതകുന്ന രീതിയിലാണ് മൈക്രോപ്ലാനുകള്‍ തയ്യാറാക്കിയിട്ടുളളത്.