TMJ
searchnav-menu
post-thumbnail

TMJ Daily

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: ടൗണ്‍ഷിപ്പ് ശിലാസ്ഥാപനം നാളെ

26 Mar 2025   |   1 min Read
TMJ News Desk

മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തം അതിജീവിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന വയനാട് മാതൃക ടൗണ്‍ഷിപ്പ് ശിലാസ്ഥാപനം മാര്‍ച്ച് 27 ന് വൈകിട്ട് നാലിന് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലില്‍ 1,000 ചതുരശ്ര അടിയില്‍ ഒറ്റനിലായായി ക്ലസ്റ്ററുകള്‍ തിരിച്ചാണ് വീടുകള്‍ നിര്‍മ്മിക്കുക. വീടുകള്‍, പൊതു സ്ഥാപനങ്ങള്‍ക്ക് പ്രത്യേക കെട്ടിടങ്ങള്‍, റോഡ്, അനുബന്ധ സ്ഥാപനങ്ങള്‍, വ്യാപാര- വാണിജ്യ സൗകര്യങ്ങള്‍  ടൗണ്‍ഷിപ്പില്‍ സജ്ജമാക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റിയാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍വഹിക്കുന്നത്. കിഫ്കോണ്‍ കണ്‍സള്‍ട്ടന്റ് ഏജന്‍സി പ്രവര്‍ത്തിക്കും.

കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന പുനരധിവാസ ടൗണ്‍ഷിപ്പിലെ ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുള്‍പ്പെട്ട 242 ഗുണഭോക്താക്കളും സമ്മതപത്രം കൈമാറി. ടൗണ്‍ഷിപ്പില്‍ വീടിനായി 175 പേരും 15 ലക്ഷം സാമ്പത്തിക സഹായത്തിന് 67 പേരുമാണ് സമ്മതപത്രം കൈമാറിയത്. ഒന്നാം ഘട്ട പട്ടികയില്‍ 242 പേരും 2- എ പട്ടികയില്‍ 87 പേരും  2- ബി ലിസ്റ്റില്‍  73 പേരും ഉള്‍പ്പെടെ 402 ഗുണഭോക്താക്കളാണ് അന്തിമ  പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.  2-എ, 2-ബി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏപ്രില്‍ മൂന്ന് വരെ സമ്മതപത്രം കൈമാറാം. ലഭിച്ച സമ്മതപത്രങ്ങളില്‍ ഏപ്രില്‍ 13 നകം വിവരശേഖരണം, സമാഹരണം എന്നിവ പൂര്‍ത്തീകരിച്ച്  ഏപ്രില്‍ 20 ന് അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും.

ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പുല്‍പ്പാറ ഡിവിഷനിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്ന മുറയ്ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുമെന്ന് തോട്ടം മാനേജ്മെന്റ് അറിയിച്ചു. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ.എം സുനിലിന്റെ അധ്യക്ഷതയില്‍ ജില്ലാ ലേബര്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ തൊഴിലാളികള്‍ക്ക് ലീവ് സറണ്ടര്‍, ബോണസ്, വേതന കുടിശ്ശിക, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് അറിയിച്ചു.  2015 ഫെബ്രുവരി മുതലുള്ള പിഎഫ് കുടിശ്ശിക പലിശ സഹിതം അടച്ചു തീര്‍ക്കാന്‍ യോഗത്തില്‍ ധാരണയായി.





 

#Daily
Leave a comment