
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെടുകയും സമാനതകളില്ലാത്ത ദുരന്തങ്ങള്‍ അതിജിവിക്കുകയും ചെയ്ത മേപ്പാടി സ്വദേശിനി എസ്. ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. വയനാട് കളക്ടറേറ്റിലെത്തി എഡിഎം കെ. ദേവകി മുമ്പാകെ രജിസ്റ്ററില്‍ ഒപ്പിട്ടാണ് ശ്രുതി ജോലിയില്‍ പ്രവേശിച്ചത്. കളക്ടറേറ്റിലെ റവന്യൂ വകുപ്പിലെ പൊതുജന പരാതി വിഭാഗത്തില്‍ (പി.ജി സെല്‍) ക്ലര്‍ക്കായാണ് സര്‍ക്കാര്‍ ശ്രുതിക്ക് നിയമനം നല്‍കിയത്.
ജോലിയില്‍ പ്രവേശിച്ച ശേഷം ശ്രുതി സര്‍ക്കാരിനും സഹായിച്ച ഏല്ലാവരോടും നന്ദിയുണ്ടെന്നും ജോലി ലഭിച്ചതില്‍ ഏറെ സന്തോഷവും മുന്നോട്ടുള്ള ജീവിതത്തിന് ജോലി കൈത്താങ്ങാണെന്നും പ്രതികരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ജോലിക്ക് എത്തുമെന്നും ശ്രുതി പറഞ്ഞു. റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ശ്രുതിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിക്കുകയും കളക്ടറേറ്റില്‍ എത്തുമ്പോള്‍ നേരില്‍ കാണാമെന്നും അറിയിച്ചു.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ അച്ഛന്‍, അമ്മ, അനിയത്തി, ബന്ധുക്കള്‍ എന്നിവരെ നഷ്ടപ്പെടുകയും ശ്രുതിയെ വിവാഹം കഴിക്കാനിരുന്ന വരന്‍ ജെന്‍സണ്‍ വാഹനാപകടത്തില്‍ മരണപ്പെടുകയും ചെയ്ത സമാനതകളില്ലാത്ത ദുരന്തം അതിജീവിച്ച ശ്രുതിയെ സര്‍ക്കാര്‍ ചേര്‍ത്തുനിര്‍ത്തി ജോലി നല്‍കുകയായിരുന്നു. വെള്ളാര്‍മല ഗവ വൊക്കേഷണല്‍ സ്‌കൂളിലാണ് ശ്രുതി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മേപ്പാടി സെന്റ് ജോസഫ് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി പഠനവും കല്‍പ്പറ്റ ഡെക്കാന്‍ ഐ.ടിയില്‍ ഡിറ്റിപിഎ ഡിപ്ലോമയും പൂര്‍ത്തീകരിച്ചു. നിലവില്‍ ഇന്ദിരാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ ബി.എ ഇംഗ്ലീഷില്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്.