TMJ
searchnav-menu
post-thumbnail

TMJ Daily

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് പദ്ധതി: ഒന്നാം ഘട്ടത്തില്‍ 388 കുടുംബങ്ങള്‍

21 Dec 2024   |   2 min Read
TMJ News Desk

യനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ 388 കുടുംബങ്ങള്‍. ഈ കുടുംബങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഗുണഭോക്തൃ കരട് പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന മറ്റെവിടെയും വീടില്ലാത്ത ദുരന്തബാധിതരെയുമാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. അപകട മേഖലയിലെ വാസ യോഗ്യമല്ലെന്ന് കണ്ടെത്തുന്ന ഇടങ്ങളില്‍ താമസിക്കുന്നവരെ പുനരധിവാസത്തിന്റെ രണ്ടാം ഘട്ടത്തില്‍ പരിഗണിക്കും.

2024 നവംബര്‍ 26 ലെ ദുരന്ത നിവാരണ വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദേശ പ്രകാരം തയ്യാറാക്കിയ കരട് ലിസ്റ്റ് ഡി.ഡി.എം.എ യുടെ അംഗീകാരത്തോടെയുള്ള കരട് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. കരട് ലിസ്റ്റ് കളക്ടറേറ്റ്, മാനന്തവാടി ആര്‍.ഡി.ഒ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും എല്‍.എസ്.ജി.ഡിയുടേയും ജില്ലാ ഭരണ കൂടത്തിന്റേയും വെബ് സൈറ്റിലും ലഭ്യമാണ്.

പൊതുവിതരണ വകുപ്പില്‍ നിന്നുള്ള റേഷന്‍ കാര്‍ഡ് ജിയോറഫറന്‍സ് പ്രാഥമിക വിവരമായി കണക്കാക്കി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഹരിതമിത്രം ആപ്പ്, കെ.എസ്.ഇ.ബി എന്നിവയുടെ ഗുണഭോക്തൃ ജിയോറഫറന്‍സ് വിവരങ്ങള്‍, റാപ്പിഡ് വിഷ്വല്‍ സ്‌ക്രീനിങ് വിവരങ്ങള്‍, സര്‍ക്കാര്‍ അനുവദിച്ച വീട്ടു വാടക കൈപ്പറ്റിയവരുടെ വിവരങ്ങള്‍, സര്‍ക്കാര്‍ ക്വാട്ടേഴ്‌സിലേക്ക് മാറ്റിപ്പാര്‍പ്പിച്ചവരുടെ വിവരങ്ങള്‍, പാടികളില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ തുടങ്ങിയവ കൂടി ഉപയോഗപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്.

ഒന്നാംഘട്ട പുനരധിവാസത്തില്‍ ഉള്‍പ്പെടുന്നവരുടെ കരട് പട്ടിക തയ്യാറാക്കുന്നതിനുള്ള ചുമതല മാനന്തവാടി സബ് കളക്ടര്‍ക്കായിരുന്നു. സബ് കലക്ടര്‍ തയ്യാറാക്കിയ പട്ടിക മേപ്പാടി ഗ്രാമപഞ്ചായത്ത് അധികൃതര്‍ നിലവില്‍ തയ്യാറാക്കിയ പട്ടികയുമായി ഒത്തുനോക്കി അതില്‍ ഒഴിവാക്കപ്പെട്ടതും അധികമായി ഉള്‍പ്പെട്ടതുമായ കുടുംബങ്ങളുടെ വിവരങ്ങള്‍ പഞ്ചായത്തില്‍ നിന്നും ലഭ്യമാക്കി ആവശ്യമായ പരിശോധനകള്‍ക്കു ശേഷം ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം കരട് ലിസ്റ്റ് അംഗീകരിച്ചു.

ഈ പട്ടികയിലെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനായി വെള്ളരിമല വില്ലേജ്, മേപ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസുകളില്‍ ഹെല്‍പ്പ് ഡെസ്‌ക് സജ്ജീകരിച്ചു. കരട് പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ 2025 ജനുവരി 10 ന് വൈകിട്ട് അഞ്ച് വരെയാണ് സ്വീകരിക്കുന്നത്. ആക്ഷേപങ്ങള്‍ വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫീസുകളിലും ഓണ്‍ലൈനായും നല്‍കാം.

പരാതികളുടെമേല്‍ സബ് കളക്ടര്‍ സ്ഥലപരിശോധന നടത്തിയ ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പരാതിക്കാരെ നേരില്‍കണ്ട് അന്തിമ തീരുമാനമെടുക്കും.

ഈ വര്‍ഷം ജൂലൈ 30-ന് പുലര്‍ച്ചെയാണ് മുണ്ടകൈ, ചൂരല്‍മല ദുരന്തം ഉണ്ടായത്. 420-ല്‍ അധികം പേര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍.



#Daily
Leave a comment