
വയനാട് ദുരന്തം: ലോക സഭയിൽ അടിയന്തര പ്രമേയ നോട്ടീസ്
വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിൽ ഉണ്ടായ പ്രളയദുരന്തത്തെ അതിജീവിച്ചവരോട് സർക്കാർ പുലർത്തുന്ന അവഗണനയ്‌ക്കെതിരെ ലോക സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഒരു വർഷം മുമ്പ് 2024 ജൂലൈ 30ന് ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായ ഇരകളോടുള്ള കുറ്റകരമായ അവഗണന ഉയർത്തിക്കാട്ടിയാണ് കൊടിക്കുന്നിൽ സുരേഷ് ലോക സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.
ദുരന്തബാധിത മേഖലയിലെ സാഹചര്യം വിലയിരുത്തി റിപ്പോർട്ട് ചെയ്യുന്നതിനായി ഒരു പാർലമെന്ററി കമ്മിറ്റി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഷ്ടപരിഹാരം ഉടൻ അനുവദിക്കണമെന്നും, പ്രത്യേക പുനരധിവാസ പാക്കേജ് നൽകണമെന്നും ആവശ്യമുന്നയിച്ച അദ്ദേഹം ഗോത്രവർഗ-പാരിസ്ഥിതിക ദുർബല പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള ദീർഘകാല ദുരന്ത ലഘൂകരണ നയവും ആവിഷ്‌ക്കരിക്കണമെന്നും പറഞ്ഞു.
350ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും, 200 പേരെ കാണാതായിട്ടും, നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാര്യമായ ആശ്വാസമോ നഷ്ടപരിഹാരമോ പുനരധിവാസമോ നൽകിയിട്ടില്ല. അതിജീവിച്ചവരിൽ പലരും അടിസ്ഥാന സൗകര്യങ്ങളില്ലാതെ താൽക്കാലിക ഷെൽട്ടറുകളിൽ താമസിക്കുന്നുവെന്നും നോട്ടീസിൽ പറയുന്നു.


