വനിതാ ഡോക്ടറുടെ കൊലപാതകം; കൊല്‍ക്കത്തയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം
കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ ആക്രമണം. ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജിലേക്ക് അതിക്രമിച്ച് കയറിയ അക്രമികള്‍ സമരക്കാരെ ആക്രമിക്കുകയും പൊലീസ് വാഹനങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായുമാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആക്രമണം ഉണ്ടാകുന്നത്. രാജ്യത്തുടനീളമുള്ള നിരവധി പേര്‍ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമാക്കാനും കേസില്‍ നീതി ഉറപ്പാക്കാനും അധികാരികളോട് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം. നൂറിലധികം ആളുകളുള്ള ഒരു ജനകൂട്ടം ആശുപത്രിയില്‍ പ്രവേശിച്ച് സമരക്കാരെ ആക്രമിച്ചെന്നും കൊലപാതകം നടന്ന കെട്ടിടത്തിലേക്ക് കടക്കാന്‍ ശ്രമിച്ചെന്നും പ്രതിഷേധക്കാരില്‍ ഒരാളായ എന്‍ആര്‍എസിലെ സീനിയര്‍ റസിഡന്റ് ഡോക്ടര്‍ പ്രതികരിച്ചിട്ടുണ്ട്.
കേസന്വേഷണം സിബിഐ ഏറ്റെടുത്തു
ഡോക്ടറെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. കേസ് നീതിയുക്തമായി അന്വേഷിക്കുന്നില്ലെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ആഗസ്റ്റ് 13 ന് ബംഗാള്‍ ഹൈക്കോടതി കേസ് സി ബി ഐയെ ഏല്‍പ്പിച്ചു. കേസില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും സിബിഐ അന്വേഷിക്കും.
ക്രൂര മര്‍ദ്ദനമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ആഗസ്റ്റ് 9 ന് രാവിലെയാണ് ആശുപത്രിയിലെ സെമിനാര്‍ ഹാളിനുള്ളില്‍ നിന്ന് പോസ്റ്റ് ഗ്രാജ്വേറ്റ് ട്രയിനിയായ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസിലെ സിവിക് വോളണ്ടിയര്‍ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് വനിതാ ഡോക്ടര്‍ മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ ഒന്നിലധികം ആഴത്തിലുള്ള മുറിവുകളുണ്ടെന്നും രക്തസ്രാവമുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. കൊല്ലപ്പെടുന്നതിന് മുന്‍പ് ശ്വാസം മുട്ടിച്ചതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.