വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം ശക്തം
കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. അടിയന്തര സേവനങ്ങള്‍ ഒഴികെ മറ്റെല്ലാ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ടാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം. കേസിന്റെ നടപടികള്‍ വേഗത്തിലാക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രികളില്‍ ചികിത്സ തടസ്സപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ കേന്ദ്ര നിയമം കൊണ്ടുവരണമെന്നും ആശുപത്രികളെ സുരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആരോഗ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
ക്രൂര മര്‍ദനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ആഗസ്റ്റ് 9 ന് രാവിലെയാണ് ആശുപത്രിയിലെ സെമിനാര്‍ ഹാളിനുള്ളില്‍ നിന്ന് പോസ്റ്റ് ഗ്രാജ്വേറ്റ് ട്രയിനിയായ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സിവിക് വോളണ്ടിയര്‍ സഞ്ജയ് റോയിയെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് വനിതാ ഡോക്ടര്‍ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ ഒന്നിലധികം ആഴത്തിലുള്ള മുറിവുകളുണ്ടെന്നും രക്തസ്രാവമുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. കൊല്ലപ്പെടുന്നതിന് മുന്‍പ് ശ്വാസം മുട്ടിച്ചതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.