REPRESENTATIONAL IMAGE: WIKI COMMONS
കൊച്ചിയില്‍ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു; രണ്ടു പേര്‍ അറസ്റ്റില്‍
യുവാവിനെ കുത്തിക്കൊന്ന കേസില്‍ കൊച്ചി പള്ളുരുത്തി കച്ചേരിപ്പടിയില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ഫാജിസ്, അച്ചു എന്നിവരാണ് പൊലീസ് പിടിയിലായത്. ഇന്നലെ രാത്രി എട്ടു മണിയോടെ പള്ളുരുത്തി കച്ചേരിപ്പടി റോഡിലാണ് കൊലപാതകം നടന്നത്. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഏലൂര്‍ സ്വദേശി ലാല്‍ജു ആണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. മൃതദേഹം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലാല്‍ജുവിനെയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പള്ളുരുത്തി സ്വദേശി ജോജിയെയും കുത്തിയശേഷം ഫാജിസ് കടന്നുകളയുകയായിരുന്നു. കുഴഞ്ഞുവീണ ലാല്‍ജുവിനെ ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് മരിച്ചു. ഗുരുതരമായി പരുക്കേറ്റ ജോജി ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികാര കൊലയെന്ന് സംശയം
സംഭവം പ്രതികാര കൊലയാണെന്നാണ് പോലീസ് സംശയിക്കുന്നത്. 2021-ല്‍ കുമ്പളങ്ങിയില്‍ ആന്റണി ലാസര്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയാണ് മരിച്ച ലാല്‍ജു.
ഈ കേസുമായി ഇന്നലത്തെ കൊലപാതകത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ആക്രമണം നടത്തിയ ഫാജിസിനെതിരെ ലഹരി ഇടപാടുകളടക്കം നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഫാരിസിനെയും കൂട്ടാളിയേയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.