
യു എസ് സര്‍ക്കാരില്‍ കാര്യക്ഷമതാ വകുപ്പിന്റെ ചുമതല മസ്‌കിനും വിവേക് രാമസ്വാമിയ്ക്കും
ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിനും ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമിക്കും യുഎസ് സര്‍ക്കാരില്‍ കാര്യക്ഷമതാ വകുപ്പിന്റെ (Department of Government Efficiency) ചുമതല നല്‍കി ട്രംപ്. സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനുമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം.
അമിത നിയന്ത്രണങ്ങള്‍ ഒഴിവാക്കുക, അനാവശ്യ ചെലവുകള്‍ കുറയ്ക്കുക, ഫെഡറല്‍ ഏജന്‍സികളുടെ പുനസംഘടന എന്നിവയാണ് ട്രംപ് ലക്ഷ്യമിടുന്നത്. മസ്‌കും വിവേകും പ്രതിനിതീകരിക്കുന്ന ബിസിനസ് മേഖലകളുടെ പ്രധാന ആവശ്യങ്ങള്‍ നടപ്പാക്കാന്‍ അവരെത്തന്നെ ചുമതലപ്പെടുത്തുകയായിരുന്നു ട്രംപ്.
നേരത്തെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിലേക്ക് വിവേക് രാമസ്വാമിയെ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് ട്രംപ് മത്സരിക്കുകയായിരുന്നു. പാലക്കാട് സ്വദേശിയായ സി.ആര്‍. ഗണപതി അയ്യരുടെയും എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ ഗീത രാമസ്വാമിയുടെയും മകനാണ് വിവേക്.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ മസ്‌കിനെ പുകഴ്ത്തി ട്രംപ് രംഗത്തെത്തിയിരുന്നു. മസ്‌കിനെ 'സൂപ്പര്‍ ജീനിയസ്' എന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദിപറയുകയും ചെയ്തിരുന്നു. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്ന മസ്‌ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 100 മില്യണ്‍ ഡോളറിലധികം സംഭാവനയായി നല്‍കുകയും ചെയ്തിരുന്നു.


