
ടിക് ടോക്ക് വാങ്ങാന്‍ താല്‍പര്യമില്ലെന്ന് മസ്‌ക്
ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഹ്രസ്വ വീഡിയോ ആപ്പായ ടിക് ടോക്ക് നിരോധിക്കാന്‍ യുഎസ് ശ്രമിക്കുന്നതിനിടയില്‍ ഈ ആപ്പിനെ വാങ്ങിക്കാന്‍ താല്‍പര്യമില്ലെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് പറഞ്ഞു. ദേശ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് യുഎസ് ടിക് ടോക്കിനെ നിരോധിക്കുന്നത്.
കഴിഞ്ഞ മാസം ജര്‍മ്മന്‍ മാധ്യമ സ്ഥാപനമായ അക്‌സല്‍ സ്പ്രിങ്ങര്‍ എസ്ഇ സംഘടിപ്പിച്ച ഒരു ഉച്ചകോടിയില്‍ ടെസ്ല തലവന്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പങ്കെടുത്തപ്പോള്‍ പറഞ്ഞ ഇക്കാര്യം കഴിഞ്ഞ ദിവസം ഈ സ്ഥാപനം പുറത്തുവിട്ടു.
മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ടിക് ടോക് നിരോധിക്കുകയും നിരോധനം പ്രാബല്യത്തില്‍ വരികയും ചെയ്തുവെങ്കിലും ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ നിരോധനത്തില്‍ താല്‍ക്കാലിക ഇളവ് നല്‍കിയിരുന്നു. മസ്‌ക് ടിക് ടോക്ക് വാങ്ങുന്നതിനെ ട്രംപ് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
ട്രംപ് ഈ പ്രസ്താവന നടത്തി ഒരാഴ്ച്ചയ്ക്കുശേഷമാണ് ടിക് ടോക്കിനെ ഏറ്റെടുക്കാന്‍ യാതൊരു പദ്ധതിയും ഇല്ലെന്ന് മസ്‌ക് പറഞ്ഞത്. താന്‍ പൊതുവേ കമ്പനികള്‍ ഏറ്റെടുക്കാറില്ലെന്നും അത് വളരെ അപൂര്‍വമാണെന്നും മസ്‌ക് പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ ഏറ്റെടുത്തത് അസാധാരണമാണെന്നും അദ്ദേഹം വിശദീകരിച്ചു.
താന്‍ കമ്പനിയെ തുടക്കം മുതല്‍ നിര്‍മ്മിക്കുകയാണ് ചെയ്യുന്നതെന്ന് മസ്‌ക് പറഞ്ഞു.
ടിക് ടോക്കിനെ ഏറ്റെടുക്കാന്‍ ഒന്നിലധികം കമ്പനികളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. ഈ മാസം ടിക് ടോക്കിന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം എടുക്കുമെന്നും ട്രംപ് പറഞ്ഞു. 170 മില്ല്യണ്‍ അമേരിക്കക്കാരാണ് ടിക് ടോക്ക് ഉപയോഗിക്കുന്നത്.
കൂടാതെ, ടിക് ടോക്കിനെ വാങ്ങുന്നതിനായി ഈ വര്‍ഷം ഒരു വെല്‍ത്ത് ഫണ്ട് രൂപീകരിക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിലും ഈ ആഴ്ച്ചയില്‍ ട്രംപ് ഒപ്പിട്ടിരുന്നു.
എന്നാല്‍, ടിക് ടോക്കിനെ വില്‍ക്കാനില്ലെന്ന നിലപാടാണ് നേരത്തെ ബൈറ്റ് ഡാന്‍സ് സ്വീകരിച്ചിരുന്നത്. അമേരിക്കക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരുമായി പങ്കുവയ്ക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് ടിക് ടോക്കിനെ നിരോധിച്ചത്. ഒന്നാം ട്രംപ് ഭരണകൂട കാലത്ത് അദ്ദേഹത്തിന് ഈ അഭിപ്രായമുണ്ടായിരുന്നു.