TMJ
searchnav-menu
post-thumbnail

TMJ Daily

പെന്റഗണിലെ തട്ടിപ്പും ധനദുരുപയോഗവും മസ്‌ക് കണ്ടെത്തും: ട്രംപ്

10 Feb 2025   |   1 min Read
TMJ News Desk

പെന്റഗണിന്റെ കോടിക്കണക്കിന് ഡോളര്‍ തട്ടിപ്പും ദുരുപയോഗവും ഇലോണ്‍ മസ്‌ക് കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഏറ്റവും വലിയ ഫെഡറല്‍ വകുപ്പാണ് പെന്റഗണ്‍. താന്‍ ഓരോ വകുപ്പിനേയും പരിശോധിക്കാന്‍ മസ്‌കിനോട് ആവശ്യപ്പെടുമെന്നും ട്രംപ് പറഞ്ഞു.

ഫോക്‌സ് ന്യൂസിന് അനുവദിച്ച സൂപ്പര്‍ ബൗള്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഏകദേശം ഒരു ട്രില്ല്യണ്‍ ഡോളര്‍ ആണ് പെന്റഗണിന്റെ വാര്‍ഷിക ബജറ്റ്. സെപ്തംബര്‍ 30ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പ്രതിരോധ ചെലവിനായി 895 ബില്ല്യണ്‍ ഡോളര്‍ അനുവദിക്കുന്ന ബില്ലില്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചിരുന്നു.

യുഎസ് ഫെഡറല്‍ തൊഴില്‍പ്പടയുടെ വലിപ്പം കുറയ്ക്കാന്‍ ട്രംപ് നിയോഗിച്ചിട്ടുള്ള പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരനാണ് മസ്‌ക്. ഇതിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളിലെ കംപ്യൂട്ടര്‍ സംവിധാനങ്ങളിലെ രഹസ്യ വിവരങ്ങള്‍ നല്‍കാന്‍ മസ്‌കിന്റെ സഹായികള്‍ ആവശ്യപ്പെട്ടിരുന്നു.

ഈ ശ്രമങ്ങള്‍ നിയമവിരുദ്ധം ആണെന്നും രഹസ്യ വിവരങ്ങളെ പരസ്യമാക്കുമെന്നും കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെയുള്ള ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാ ഏജന്‍സികളേയും തകര്‍ക്കുമെന്നും വിമര്‍ശകര്‍ പറയുന്നു.





 

#Daily
Leave a comment