
ചൊവ്വയിലേക്ക് മസ്‌കിന്റെ ഹ്യൂമനോയ്ഡ് റോബോട്ട് 2026ല്‍ യാത്ര തിരിക്കും
അടുത്ത വര്‍ഷം അവസാനത്തോടെ ടെസ്ലയുടെ ഹ്യൂമനോയ്ഡ് റോബോട്ട് ഓപ്റ്റിമസുമായി സ്‌പേസ്എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് ചൊവ്വയിലേക്ക് യാത്ര തിരിക്കുമെന്ന് സ്‌പേസ്എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് പറഞ്ഞു. ഈ യാത്ര വിജയകരമായാല്‍ 2029 ഓടെ അല്ലെങ്കില്‍ 2031 ഓടെ മനുഷ്യരെയും ചൊവ്വയില്‍ എത്തിക്കും.
ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ റോക്കറ്റായ സ്റ്റാര്‍ഷിപ്പ് ആണ് ചൊവ്വയെ മനുഷ്യ കോളനി ആക്കാനുള്ള മസ്‌കിന്റെ സ്വപ്‌നത്തിന്റെ ആണിക്കല്ല്.
നാസയും അവരുടെ ചാന്ദ്ര ദൗത്യമായ ആര്‍ട്ടെമിസ് പദ്ധതിക്കു വേണ്ടി സ്റ്റാര്‍ഷിപ്പ് ഉപയോഗിക്കുന്നതിനുവേണ്ടി കാത്തിരിക്കുകയാണ്. ഈ ദശാബ്ദത്തില്‍ മനുഷ്യനെ ചന്ദ്രനില്‍ ഇറക്കുന്നതിനുള്ള നാസായുടെ ദൗത്യമാണ് ആര്‍ട്ടെമിസ്. ദശാബ്ദങ്ങള്‍ക്കുശേഷമാണ് മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങുന്നത്.
എന്നാല്‍, പരീക്ഷണങ്ങളില്‍ തുടര്‍ച്ചയായി തിരിച്ചടി നേരിടുകയാണ് സ്റ്റാര്‍ഷിപ്പ്. അതിനാല്‍, ചാന്ദ്ര, ചൊവ്വ ദൗത്യങ്ങള്‍ക്ക് മുമ്പായി സ്റ്റാര്‍ഷിപ്പിന്റെ പരീക്ഷണം വിജയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് സ്‌പേസ്എക്‌സ്. സ്റ്റാര്‍ഷിപ്പില്‍ യാത്രികരുടെ സുരക്ഷയും ഭ്രമണപഥത്തില്‍ വച്ച് വീണ്ടും ഇന്ധനം നിറയ്ക്കാനുള്ള ശേഷിയും കൈവരിക്കണം. ഈ രണ്ട് ശേഷികളും ഡീപ് സ്‌പേസ് ദൗത്യങ്ങള്‍ക്ക് നിര്‍ണായകമാണ്.
ഈ മാസം സ്‌പേസ്എക്‌സ് നടത്തിയ പരീക്ഷണം പരാജയപ്പെടുകയും സ്റ്റാര്‍ഷിപ്പിന്റെ പ്രോട്ടോടൈപ്പ് സ്‌ഫോടനത്തില്‍ തകരുകയും ചെയ്തു. മുന്‍ പരിശ്രമത്തിന്റെ തനിയാവര്‍ത്തനം ആയിരുന്നു ഇത്. സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ച് മിനുട്ടുകള്‍ക്കുശേഷം മുകള്‍ഭാഗം നിയന്ത്രണംവിടുകയം ഷിപ്പുമായുള്ള ആശയവിനിമയം നഷ്ടമാകുകയും ചെയ്തു. തുടര്‍ന്ന് സ്‌ഫോടനത്തില്‍ ഷിപ്പ് തകരുകയും ചെയ്തു.
അടുത്ത പരീക്ഷണത്തിന് മുമ്പ് സ്‌പേസ്എക്‌സ് അപകടത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.