
മസ്‌കിന്റെ പുതിയ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് തകര്‍ന്നു; വ്യോമഗതാഗതത്തെ ബാധിച്ചു
ഇലോണ്‍ മസ്‌കിന്റെ സ്വപ്‌ന പദ്ധതിക്ക് തിരിച്ചടിയായി സ്‌പേസ്എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണത്തിന് പിന്നാലെ പൊട്ടിത്തെറിച്ചു. തുടര്‍ന്ന് മെക്‌സിക്കോ കടലിടുക്കിന് മുകളിലൂടെയുള്ള വിമാന സര്‍വീസുകള്‍ വഴിതിരിച്ചു വിട്ടു.
തെക്കന്‍ ടെക്‌സാസിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും വിക്ഷേപിച്ച് എട്ട് മിനിട്ടുകള്‍ക്കുശേഷം സ്‌പേസ്എക്‌സ് മിഷന്‍ കണ്‍ട്രോളിന് പുതുതായി അപ്‌ഗ്രേഡ് ചെയ്ത സ്റ്റാര്‍ഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെട്ടു. മോക്ക് ഉപഗ്രഹങ്ങളെയാണ് സ്റ്റാര്‍ഷിപ്പ് വഹിച്ചിരുന്നത്. യാത്രക്കാരും ഉണ്ടായിരുന്നില്ല.
ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ടൗ പ്രിന്‍സിന് മുകളിലെ ആകാശത്തില്‍ റോക്കറ്റ് ഓറഞ്ച് നിറത്തില്‍ തീപന്തുകളായി പൊട്ടിത്തെറിക്കുന്ന വീഡിയോ പുറത്തുവന്നു.
സ്റ്റാര്‍ഷിപ്പുമായുള്ള എല്ലാ ആശയവിനിമയങ്ങളും നഷ്ടമായതിന്റെ അര്‍ത്ഥം റോക്കറ്റിന്റെ മുകള്‍ ഭാഗത്ത് പ്രശ്‌നങ്ങള്‍ ഉണ്ടെന്നതാണെന്ന് സ്‌പേസ്എക്‌സ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ ഡാന്‍ ഹൗട്ട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ വച്ച് സ്റ്റാര്‍ഷിപ്പ് ഭൗമോപരിതലത്തിലേക്ക് തിരികെ പ്രവേശിച്ചപ്പോള്‍ സ്റ്റാര്‍ഷിപ്പിന്റെ മുകള്‍ഭാഗം തകര്‍ന്നിരുന്നു. എന്നാല്‍, വ്യോമഗതാഗതത്തെ ബാധിക്കുന്ന തരത്തില്‍ സ്‌പേസ്എക്‌സ് അപകടങ്ങള്‍ ഉണ്ടാകുന്നത് വളരെ അപൂര്‍വമാണ്.
അപകടത്തെത്തുടര്‍ന്ന് അന്തരീക്ഷത്തില്‍ വ്യാപിച്ച മാലിന്യങ്ങള്‍ വിമാനങ്ങളില്‍ പതിക്കാതിരിക്കാന്‍ ഡസന്‍കണക്കിന് വാണിജ്യ വിമാനങ്ങളെ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിടുകയോ യാത്രാ പാതയില്‍ മാറ്റം വരുത്തുകയോ ചെയ്തുവെന്ന് ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ്‌റഡാര്‍24 പറയുന്നു. മിയാമി, ഫോര്‍ട്ട് ലൗഡര്‍ലെയ്ല്‍, ഫ്‌ളോറിഡ തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ 45 മിനിട്ട് വൈകി.
സാധാരണ ബഹിരാകാശ വിക്ഷേപണങ്ങളും റോക്കറ്റുകള്‍ തിരികെ ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോഴും വ്യോമയിടം ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അടയ്ക്കാറുണ്ട്. ഈ അടച്ച പ്രദേശത്തിന് പുറത്ത് റോക്കറ്റുകള്‍ തകര്‍ന്നാല്‍ ഈ പ്രദേശത്തേക്ക് വിമാനങ്ങള്‍ പ്രവേശിക്കാതിരിക്കാന്‍ മാലിന്യ പ്രതികരണ മേഖല പ്രഖ്യാപിക്കാനും അഡ്മിനിസ്‌ട്രേഷന് സാധിക്കും.
'അനിശ്ചിതത്വം വിജയമാണ്, പക്ഷേ വിനോദം ഉറപ്പാണ്!' എന്ന കുറിപ്പോടെ സ്‌പേസ്എക്‌സ് സിഇഒ മസ്‌ക് റോക്കറ്റ് തകര്‍ന്ന വീഡിയോ എക്‌സില്‍ പങ്കുവച്ചു.
ആമസോണിന്റെ സ്ഥാപകനും കോടീശ്വരനുമായ ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്‍ ആദ്യമായി ഭീമാകാരമായ ന്യൂ ഗ്ലെന്‍ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് മസ്‌കിന്റെ സ്‌പേസ്എക്‌സിന്റെ റോക്കറ്റ് തകരുന്നത്.
ഇന്ന് തകര്‍ന്ന പുതിയ സ്റ്റാര്‍ഷിപ്പിന്റെ മുകള്‍ ഘട്ടത്തിന് പഴയ സ്റ്റാര്‍ഷിപ്പിലേതിനേക്കാള്‍ രണ്ട് മീറ്റര്‍ ഉയരം കൂടുതലാണ്. നിര്‍ണായകമായ അപ്‌ഗ്രേഡുകളുള്ള പുതിയ തലമുറ റോക്കറ്റായിരുന്നു ഇത്.
റോക്കറ്റിനുള്ളില്‍ ദ്രവ ഓക്‌സിജന്‍ ചോര്‍ന്നത് മര്‍ദ്ദം കൂടാന്‍ കാരണമായെന്നും ഇത് റോക്കറ്റിന്റെ തകര്‍ച്ചയിലേക്ക് നയിച്ചെന്നുമാണ് പ്രാഥമിക വിലയിരുത്തലെന്ന് മസ്‌ക് പറഞ്ഞു. ഈ വര്‍ഷം കുറഞ്ഞത് 12 സ്റ്റാര്‍ഷിപ്പ് ടെസ്റ്റുകള്‍ നടത്താനുള്ള മസ്‌കിന്റെ ലക്ഷ്യത്തിന് ഭീഷണിയാണ് ഇന്നത്തെ അപകടം.