
മുനമ്പത്ത് ഭൂമി വാങ്ങിയവരെ കുടിയൊഴിപ്പിക്കരുതെന്ന് മുസ്ലിംലീഗ്
കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച്ച പാസാക്കിയ വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് (ഐയുഎംഎല്‍) ഹര്‍ജി ഫയല്‍ ചെയ്തു. മുനമ്പത്ത് ഭൂമി വാങ്ങിയവരെ കുടിയൊഴിപ്പിക്കരുതെന്ന് ലീഗ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ലമെന്റില്‍ വഖഫ് ഭേദഗതി നിയമ ചര്‍ച്ചയില്‍ മുനമ്പം വിഷയം ബിജെപി പ്രതിപക്ഷത്തിനെതിരെ ശക്തമായി ഉയര്‍ത്തിയിരുന്നു. മുനമ്പം വിഷയം പരിഹരിക്കാനുള്ള വകുപ്പുകള്‍ നിയമത്തില്‍ ഉണ്ടെന്നും ബിജെപി അവകാശപ്പെട്ടിരുന്നു. കൂടാതെ, ബില്‍ പാസാക്കിയപ്പോള്‍ മുനമ്പത്ത് ബിജെപി ആഘോഷം നടത്തുകയും ചെയ്തു. സ്ഥലത്തെ 50 ഓളം പേര്‍ ബിജെപിയില്‍ അംഗമാകുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ നിയമത്തിനും മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നാണ് കരുതുന്നതെന്ന് ഹര്‍ജിയില്‍ ലീഗ് പറയുന്നു. സംസ്ഥാന സര്‍ക്കാരാണ് പ്രശ്‌ന പരിഹാരം കാണേണ്ടതെന്നും ലീഗ് ചൂണ്ടിക്കാണിച്ചു.
മുനമ്പം വിഷയം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളെ പിന്തുണയ്ക്കുമെന്നും ലീഗ് ഹര്‍ജിയില്‍ സുപ്രീംകോടതിയോട് പറഞ്ഞു.
ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുള്‍ വഹാബ്, അബ്ദുസമദ് സമദാനി, കെ നവാസ് കാനി എന്നിവരാണ് വഖഫ് ഭേദഗതി നിയമത്തിനെതിരെ ഹര്‍ജി ഫയല്‍ ചെയ്തത്.