
ജമാഅത്തെ ഇസ്ലാമിയുമായുള്ള മുസ്ലിംലീഗിന്റെ ബന്ധം ശിഹാബ് തങ്ങളുടെ കാലത്ത് തുടങ്ങിയത്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
അടുത്ത കാലത്തായി ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് വോട്ടു ചെയ്യാന്‍ തയ്യാറാകുന്നുണ്ടെന്നും അത് നിഷേധിക്കേണ്ട കാര്യമില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളോട് ലീഗിന്റെ സമീപനം ആരാഞ്ഞപ്പോഴാണ് അദ്ദേഹം ഇപ്രകാരം പ്രതികരിച്ചത്.
'ജമാഅത്തെ ഇസ്ലാമിയുമായി ലീഗിന്റെ ബന്ധം ഇപ്പോള്‍ തുടങ്ങിയതല്ല. ശിഹാബ് തങ്ങളുടെ കാലത്ത് കോഴിക്കോട് കേന്ദ്രീകരിച്ച് മുസ്ലിം സൗഹൃദവേദി രൂപവല്‍ക്കരിച്ചിരുന്നു. അത് മുസ്ലിങ്ങളിലെ എല്ലാ വിഭാഗങ്ങളേയും യോജിപ്പിച്ചുള്ള മുന്നേറ്റമാണ്. അടുത്തകാലത്തായി ജമാഅത്തെ ഇസ്ലാമി ജനാധിപത്യ മുന്നണിക്ക് വോട്ടു ചെയ്യാന്‍ തയ്യാറാകുന്നുണ്ട്. അത് നിഷേധിക്കേണ്ട കാര്യമില്ലല്ലോ,' അദ്ദേഹം പറഞ്ഞു.
എപി അബൂബക്കര്‍ മുസ്ല്യാര്‍ വിഭാഗവുമായി ലീഗ് ഔദ്യോഗികമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെങ്കിലും മുന്‍പത്തേതിനെ അപേക്ഷിച്ച് ഒരുമിച്ചിരിക്കുന്ന വേദികള്‍ കൂടി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എപി വിഭാഗത്തിന്റെ കേന്ദ്രമായ നോളജ് സിറ്റിയില്‍ പല പരിപാടികളിലും പങ്കെടുത്തുവെന്നും ഫാസിസം ശക്തിപ്പെടുമ്പോള്‍ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ഒരൊറ്റ ശബ്ദത്തോടെയുള്ള മുന്നേറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീംലീഗ് എല്‍ഡിഎഫില്‍ അംഗമാകുന്നതിനെ കുറിച്ച് ഔദ്യോഗികമായി ആശയവിനിമയം ഉണ്ടായിട്ടില്ലെന്നും ലീഗ് ഇടതുക്യാമ്പിലേക്ക് പോകുമെന്ന തോന്നല്‍ പലര്‍ക്കും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലീഗിനും ഇടതുപക്ഷത്തേക്ക് പോകാനുള്ള തോന്നല്‍ ഉണ്ടെന്ന് പലരും വിചാരിച്ചുവെന്നും പക്ഷേ, യുഡിഎഫ് വിടേണ്ട സാഹചര്യം നിലവിലില്ലെന്നതില്‍ ഉറച്ചുനിന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോകസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎം വിചാരിച്ചതുപോലുള്ള വോട്ട് അവര്‍ക്ക് കിട്ടാത്തതിന്റെ പ്രതിഫലനം അവരുടെ സമീപനത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാങ്ങയുള്ള മാവിലല്ലേ കല്ലെറിയാന്‍ പറ്റുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുനമ്പം വിഷയത്തില്‍ മുസ്ലിംലീഗ് അതിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ടതാണെന്ന് തങ്ങള്‍ പറഞ്ഞു. 'മുനമ്പം സാമുദായികമായ വിഷയമായി വളര്‍ന്നപ്പോഴാണ് ഇടപെട്ടതും സാമുദായിക സംഘടനകളെ വിളിച്ചുചേര്‍ത്തതും. മുനമ്പത്തുപോയി ഞങ്ങള്‍ വാരാപ്പുഴ ബിഷപ്പിനെയടക്കം 16 ബിഷപ്പുമാരെ കണ്ടു. സമാധാനമുണ്ടാക്കാനാണ് വരുന്നത് എന്നറിഞ്ഞപ്പോള്‍ അവരെല്ലാം വളരെ സന്തുഷ്ടരായി. മുസ്ലിം സമുദായം മുഴുവന്‍ അവിടെയുള്ളവരെ കുടിയിറക്കാന്‍ നില്‍ക്കുകയാണെന്ന് അവര്‍ക്ക് തെറ്റിദ്ധാരണയുണ്ടായിരുന്നു. ഞങ്ങള്‍ നിലപാട് പറഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ ആശ്വാസമായി,' തങ്ങള്‍ പറഞ്ഞു.
മുനമ്പം വിഷയത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം വിഭജനം വന്നാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്ന് അദ്ദേഹം പറഞ്ഞു. 'യുഡിഎഫിന്റെ ശക്തി ക്രിസ്ത്യന്‍- മുസ്ലിം വിഭാഗത്തിന്റെ ഐക്യവും വോട്ടുമാണ്. അതില്‍ എങ്ങനെയെങ്കിലും വെള്ളം ചേര്‍ക്കാന്‍ പറ്റുമോ എന്നതാണ് സിപിഐഎമ്മിന്റെ രാഷ്ട്രീയമെന്ന് ഞങ്ങള്‍ സംശയിക്കുന്നു. സാമുദായിക വിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് സംഘപരിവാര്‍ അജണ്ടയാണ്. അതിനെ അനുകരിക്കാന്‍ കേരളത്തിലെ ഇടതുപക്ഷം തയ്യാറാകരുത്,' അദ്ദേഹം പറഞ്ഞു.