TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

ഗ്യാന്‍വാപി സര്‍വെ; സമയം നീട്ടിനല്‍കരുതെന്ന് പള്ളി കമ്മിറ്റി

05 Sep 2023   |   2 min Read
TMJ News Desk

ഗ്യാന്‍വാപി പള്ളി പരിശോധിക്കാന്‍ സമയം നീട്ടിനല്‍കരുതെന്ന് വാരണാസി കോടതിയോട് ആവശ്യപ്പെട്ട് അന്‍ജുമന്‍ ഇസ്ലാമിക് മസ്ജിദ് കമ്മിറ്റി. പരിശോധന പൂര്‍ത്തിയാക്കാനുള്ള സമയം ഓഗസ്റ്റ് രണ്ടിന് അവസാനിച്ചതോടെ സമയം നീട്ടി നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (എഎസ്‌ഐ) കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രാഥമിക പരിശോധനയ്ക്കായി ഇനി സമയം നീട്ടി നല്‍കരുത് എന്ന ആവശ്യവുമായി പള്ളി കമ്മിറ്റി രംഗത്തുവന്നിരിക്കുന്നത്. ഓഗസ്റ്റ് എട്ടിനാണ് കോടതി പള്ളി കമ്മിറ്റിയുടെ അപേക്ഷ പരിഗണിക്കുക. 

എഎസ്ഐ യുടെ നേതൃത്വത്തില്‍ പള്ളിയില്‍ പരിശോധന നടത്താന്‍ ഓഗസ്റ്റ് മൂന്നിനാണ് അലഹബാദ് ഹൈക്കോടതി അനുമതി നല്‍കിയത്. ഇതേതുടര്‍ന്ന് ഓഗസ്റ്റ് നാലിന് ഗ്യാന്‍വാപി പള്ളിയില്‍ എഎസ്ഐ സര്‍വെ ആരംഭിച്ചു. സര്‍വെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന പള്ളി കമ്മിറ്റിയുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് പ്രിതിങ്കര്‍ ദിവാക്കര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. 

സര്‍വെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായെന്ന് ആരോപണം 

എഎസ്‌ഐ കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍വെ നടത്തുന്നത് എന്നാണ് ഉയരുന്ന ആരോപണം. ശാസ്ത്രീയമായി സര്‍വെ നടത്തണം എന്ന സുപ്രീംകോടതിയുടെയും അലഹബാദ് ഹൈക്കോടതിയുടേയും ഉത്തരവുകള്‍ എഎസ്‌ഐ ലംഘിക്കുകയാണ്, നിലവിലെ സര്‍വെ നടപടികള്‍ മസ്ജിദിനു കേടുപാടുണ്ടാക്കുന്നതാണ്, മസ്ജിദ് പരിസരത്തെ അവശിഷ്ടങ്ങള്‍ മാറ്റാന്‍ എഎസ്‌ഐക്ക് അധികാരമില്ല എന്നും അന്‍ജുമന്‍ ഇസ്ലാമിക് മസ്ജിദ് കമ്മിറ്റി ആരോപിക്കുന്നു.

സ്ഥിരീകരണത്തിനായി എഎസ്‌ഐയുടെ പരിശോധന

ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സംഘം സര്‍വെ നടപടികള്‍ക്കായി ജൂലൈ 24 ന് പള്ളിയില്‍ എത്തിയിരുന്നെങ്കിലും സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. പള്ളി കമ്മിയുടെ ഹര്‍ജി പരിഗണിക്കാന്‍ അലഹബാദ് ഹൈക്കോടതിക്ക് നിര്‍ദേശവും നല്‍കി. നാല്‍പതോളം ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കായി എത്തിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പള്ളിയില്‍ കനത്ത പോലീസ് സുരക്ഷയും ഒരുക്കിയിരുന്നു. വാരണാസി കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വെ നടപടികള്‍ ഓഗസ്റ്റ് നാലിന് ആരംഭിച്ചത്. നിലവില്‍ പ്രാഥമിക പരിശോധനയ്ക്കു നല്‍കിയ സമയം അവസാനിച്ചിരിക്കുകയാണ്. പള്ളിയിലെ അംഗശുദ്ധി വരുത്തുന്ന ഇടം (ശിവലിംഗം കണ്ടതായി ആരോപിക്കുന്ന സ്ഥലം) ഒഴികെയുള്ള ഭാഗങ്ങളില്‍ സര്‍വെ നടത്താനാണ് വാരണാസി ജില്ലാ കോടതി അനുമതി നല്‍കിയിരുന്നത്. 

കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ മതിലിനടുത്ത് ശ്യംഗാര്‍ ഗൗരി ക്ഷേത്രത്തില്‍ നിത്യാരാധനയ്ക്ക് അനുമതി തേടിയുള്ള ഹര്‍ജി നിലനില്‍ക്കവെയാണ് സര്‍വെ നടത്തണമെന്ന ആവശ്യം ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം മെയില്‍, കോടതി ഉത്തരവിനെത്തുടര്‍ന്നുള്ള വീഡിയോ സര്‍വെയില്‍ പള്ളി പരിസരത്തു ശിവലിംഗം കണ്ടതായി ആരോപണമുണ്ട്. ഇതിന്റെ കാലപ്പഴക്കം നിശ്ചയിക്കുന്നതിനുള്ള കാര്‍ബണ്‍ ഡേറ്റിങ് നടത്തുന്നതു സംബന്ധിച്ച നടപടികളും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.


#Daily
Leave a comment