TMJ
searchnav-menu
post-thumbnail

TMJ Daily

മുട്ടില്‍ മരംമുറി: റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ഇഡി അന്വേഷണം 

28 Jul 2023   |   3 min Read
TMJ News Desk

ട്ടുകോടി രൂപയുടെ ഈട്ടി തടികള്‍ അനധികൃതമായി വെട്ടിവിറ്റ മുട്ടില്‍ മരംമുറി കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം റിപ്പോര്‍ട്ടര്‍ ചാനല്‍ മേധവികള്‍ക്കെതിരെ അന്വേഷണം നടന്നുവരുന്നതായി കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത് സിംഗ് കെ സുധാകരന്‍ എംപിയെ അറിയിച്ചു. കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ (121/ 2021) പ്രകാരം എന്‍ഫോഴ്‌സ്മെന്റ് (ഇഡി) ആണ് കേസെടുത്തിരിക്കുന്നത്. 

റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓണര്‍ഷിപ്പ് ട്രാന്‍സ്ഫര്‍ സംബന്ധിച്ച ആക്ഷേപങ്ങള്‍ക്ക് കമ്പനി അധികൃതരില്‍ നിന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. പഴയ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ടെലികാസ്റ്റിംഗ് ലൈസന്‍സ് ഇന്ത്യോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ്. എന്നാല്‍ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ട ശേഷം റിപ്പോര്‍ട്ടര്‍ എന്ന പേരില്‍ പുനഃസംപ്രേക്ഷണം ആരംഭിച്ച കമ്പനിക്ക് ഇന്ത്യോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് ടെലികാസ്റ്റിംഗ് ലൈസന്‍സ് കൈമാറിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് അവ്യക്തയുണ്ട്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കാന്‍ പുതിയ ഉടമസ്ഥരോട് കോര്‍പറേറ്റ് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കെപിസിസി ആസ്ഥാനത്തുനിന്നും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

കുടിശ്ശിക വരുത്തിയതിലും നടപടി

ജീവനക്കാരുടെ ശമ്പളം, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങള്‍ സംബന്ധിച്ച പരാതിയില്‍ 137.50 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതായി കേന്ദ്ര തൊഴില്‍ മന്ത്രാലയം കണ്ടെത്തി. കുടിശ്ശിക തിരിച്ചുപിടിക്കുന്നതിന് ഡിമാന്‍ഡ് നോട്ടീസ് നല്കുക, ബാങ്കുകള്‍ക്ക് നിരോധന ഉത്തരവ് നല്കുക, ജീവനക്കാരുടെ ശമ്പളം, പിഎഫ് എന്നിവ വിതരണം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ മുന്‍ എംഡി നികേഷ് കുമാറിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കാണിച്ച് ഷോക്കോസ് നോട്ടീസ് നല്‍കുക എന്നീ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ടെലികാസ്റ്റിംഗ് ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും നിലവിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനിയുടെ അധികൃതര്‍ തന്നിട്ടില്ലെന്നു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു. ചാനലുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശം കൈമാറിയതായാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിനെ അറിയിച്ചിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങളും രേഖകളും കൈമാറാന്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് കമ്പനിക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. കണ്ണൂര്‍ എംപി യായ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കേന്ദ്രം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പ്രതികളുടെ വാദം പൊളിഞ്ഞു

മുട്ടില്‍ മരംമുറി കേസില്‍ പ്രതികളുടെ വാദം പൊളിഞ്ഞതായി വനംമന്ത്രി എകെ ശശീന്ദ്രന്‍. മുറിച്ച മരങ്ങളുടെ പഴക്കം ഡിഎന്‍എ പരിശോധനയിലൂടെ തെളിഞ്ഞെന്നും ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ഡിഎന്‍എ പരിശോധന നടത്തിയതെന്നും മന്ത്രി പറഞ്ഞു. കേസില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള നടപടി വേഗത്തിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മരം വെട്ടിയത് പട്ടയ ഭൂമിയില്‍ നിന്ന് തന്നെയാണെന്നും സര്‍ക്കാരിന്റെ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചു കൊണ്ടാണ് മുട്ടില്‍ പോലുള്ള ഇടങ്ങളില്‍ മരംമുറി നടന്നതെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടിട്ടുണ്ട്. ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തു എന്ന് ബോധ്യപ്പെട്ടപ്പോഴാണ് ഉത്തരവ് മരവിപ്പിച്ചത് എന്നും മന്ത്രി വ്യക്തമാക്കി.

മുട്ടില്‍ മരംമുറി: എതിര്‍ത്തും അനുകൂലിച്ചും വാര്‍ത്താ ചാനലുകള്‍

മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട് വാര്‍ത്താ ചാനലുകളില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. കേസില്‍ പ്രതിസ്ഥാനത്തുള്ളവരുടെ ഉടമസ്ഥതയിലുള്ള ചാനലായ റിപ്പോര്‍ട്ടര്‍ പ്രതികള്‍ക്കനുകൂലമായ നിലപാടെടുക്കുമ്പോള്‍ കൂടുതല്‍ തെളിവുകള്‍ നിരത്തിക്കൊണ്ട് കുറ്റം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് മാതൃഭൂമി ന്യൂസ്, ന്യൂസ് 18 മലയാളം, ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നീ ചാനലുകള്‍. 

മുട്ടില്‍ മരംമുറി കേസ്

സര്‍ക്കാര്‍ നല്‍കിയ പട്ടയഭൂമിയില്‍ നിന്നും അവിടെ താമസമാക്കിയ ഭൂവുടമകള്‍ക്ക് മരം മുറിക്കാന്‍ അവകാശമില്ല. ചന്ദനം, തേക്ക്, ഈട്ടി എന്നിവ ഉള്‍പ്പെടെ ഒന്‍പത് തരം മരങ്ങളാണ് മുറിക്കാന്‍ അവകാശമില്ലാത്തത്. ഇവ പൂര്‍ണമായും സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ്. ഇതില്‍ ഉള്‍പ്പെടാത്ത മരങ്ങള്‍ സര്‍ക്കാരിലേക്ക് നിശ്ചിത തുക കെട്ടിവച്ച് മുറിക്കാനുള്ള അവകാശം പട്ടയഭൂമിയില്‍ താമസിക്കുന്ന ഭൂവുടമകള്‍ക്ക് ഉണ്ട്. എന്നാല്‍ 2020 ഒക്ടോബര്‍ 24 ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെ തിലക് ഒരു ഉത്തരവ് പുറപ്പെടുവിച്ചു.  ചന്ദനം ഒഴികെയുള്ള മറ്റ് എട്ടുതരം മരങ്ങളും ഭൂവുടമകള്‍ക്ക് മുറിക്കാം എന്നായിരുന്നു ഉത്തരവ്. 2021 ജനുവരിയില്‍ ഈ ഉത്തരവ് റദ്ദാക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഈ മൂന്നുമാസക്കാലത്തിനുള്ളില്‍  മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയ ഭൂമി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളല്‍ നിന്നും മുറിച്ചു കടത്തിയത് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

മുട്ടില്‍ മരംമുറികേസിലെ പ്രധാന പ്രതികളാണ് റിപ്പോര്‍ട്ടര്‍ ടിവി ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍, മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍, ഡയറക്ടര്‍ ജോസ് കുട്ടി എന്നിവര്‍. സര്‍ക്കാര്‍ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മരംമുറിക്കല്‍ നടന്നതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഭൂവുടമകളായ കര്‍ഷകര്‍ പറയുന്നത് റോജി അഗസ്റ്റിന്‍ തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് മരം മുറിച്ചത് എന്നാണ്. മരംമുറിക്കുന്നതിനായി വില്ലേജ് ഓഫീസില്‍ നല്‍കിയ അപേക്ഷകള്‍ വ്യാജമാണെന്നും തെളിഞ്ഞിട്ടുണ്ട്.  മരം മുറിക്കാന്‍ അപേക്ഷകള്‍ നല്‍കിയിട്ടില്ലെന്നും രേഖകള്‍ തയ്യാറാക്കിയത് മരം വാങ്ങിയ റോജി അഗസ്റ്റിന്‍ ആണെന്നും മരം നല്‍കിയ വാഴവറ്റയിലെ വാളംവയലൂരിലെ ബാലന്‍ എന്നയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ബാലന്റേയും സഹോദരിയുടേയും ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നാണ് ഈട്ടിമരം മുറിച്ച് കടത്തിയത്. ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം റോജിയാണ് വ്യജ അപേക്ഷ തയ്യാറാക്കിയതെന്ന് തെളിഞ്ഞിട്ടുണ്ട്.

ഇടനിലക്കാരെ ഉപയോഗിച്ചാണ് ആദ്യം പട്ടയഭൂമിയില്‍ താമസിക്കുന്ന ആളുകളെ റോജിയുടെ നേതൃത്വത്തില്‍ ആദ്യം സമീപിക്കുന്നത്. പിന്നീട് നേരിട്ട് എത്തിയ റോജി കച്ചവടം ഉറപ്പിക്കുകയായിരുന്നു. പേപ്പര്‍ വര്‍ക്കുകള്‍ എല്ലാം തങ്ങള്‍ ചെയ്തുകൊള്ളാം എന്നാണ് ഭൂവുടമകളോട് റോജി പറഞ്ഞത്. ശേഷം വ്യാജ ഒപ്പിട്ടുകൊണ്ട് വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കുകയായിരുന്നു. ഇവര്‍ നല്‍കിയ ഏഴ് അപേക്ഷകളും വ്യാജമാണെന്ന് സാധൂകരിക്കുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ടും ഭൂവുടമകളുടെ വെളിപ്പെടുത്തലുകളും. 

65 ഉടമകളുടെ ഭൂമിയില്‍ നിന്ന് 104 മരങ്ങളാണ് മുറിച്ച് കടത്തിയത്. കേസില്‍ പ്രതിചേര്‍ത്തിരുന്ന കര്‍ഷകരും ആദിവാസികളും ഉള്‍പ്പെടെയുള്ള 28 പേരെ കേസില്‍ നിന്നും ഒഴിവാക്കിയിരുന്നു. ആദിവാസികളെയും കര്‍ഷകരെയും കബളിപ്പിച്ചാണ് മരം മുറിച്ചതെന്ന് വ്യക്തമായതോടെയായിരുന്നു നടപടി. 

മരങ്ങളുടെ കാലനിര്‍ണയ പരിശോധന പൂര്‍ത്തിയാക്കിയപ്പോള്‍ മുന്നൂറു മുതല്‍ അഞ്ഞൂറു വരെ വര്‍ഷം പഴക്കമുള്ള, സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ട മരങ്ങള്‍ പോലും മുറിച്ച് കടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് കേരളാ ലാന്റ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരമുള്ള നടപടികളിലേക്ക് കടക്കുന്നില്ല എന്നുള്ള ആക്ഷേപം പബ്ലിക് പ്രോസ്‌ക്യൂട്ടര്‍ ജോസഫ് മാത്യു ഉന്നയിച്ചിരുന്നു. വനം വകുപ്പ് ഇതുമായി ബന്ധപ്പെട്ട് എടുത്ത 44 കേസുകളില്‍ മൂന്നെണ്ണത്തിലൊഴികെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല എന്നുള്ള റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തു വരുന്നുണ്ട്.

#Daily
Leave a comment