TMJ
searchnav-menu
post-thumbnail

ജോസ് കുട്ടി, ആന്റോ, റോജി

TMJ Daily

മുട്ടില്‍ മരംമുറി കേസ്; എതിര്‍ത്തും അനുകൂലിച്ചും വാര്‍ത്താ ചാനലുകള്‍, പ്രതികള്‍ രക്ഷപ്പെടില്ലെന്ന് മന്ത്രി

25 Jul 2023   |   2 min Read
TMJ News Desk

മുട്ടില്‍ മരംമുറി കേസ് വീണ്ടും ചര്‍ച്ചയാകുന്നു. കേസുമായി ബന്ധപ്പെട്ട് വാര്‍ത്താ ചാനലുകളില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. കേസില്‍ പ്രതിസ്ഥാനത്തുള്ളവരുടെ ഉടമസ്ഥതയിലുള്ള ചാനലായ റിപ്പോര്‍ട്ടര്‍ പ്രതികള്‍ക്കനുകൂലമായ നിലപാടെടുക്കുമ്പോള്‍ കൂടുതല്‍ തെളിവുകള്‍ നിരത്തിക്കൊണ്ട് കുറ്റം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് മാതൃഭൂമി ന്യൂസ്, ന്യൂസ് 18 മലയാളം, ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നീ ചാനലുകള്‍. ഈ സാഹചര്യത്തില്‍ മരം വെട്ടിയത് പട്ടയ ഭൂമിയില്‍ നിന്ന് തന്നെയാണെന്നും മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍ രക്ഷപെടില്ലെന്നും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.

പ്രതികള്‍ രക്ഷപ്പെടില്ലെന്ന് മന്ത്രി

സര്‍ക്കാരിന്റെ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചു കൊണ്ടാണ് മരംവെട്ടല്‍ നടന്നത്. ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും അത് വ്യക്തമായതോടെയാണ് ഉത്തരവ് മരവിപ്പിച്ചതെന്നും മന്ത്രി പ്രതികരിച്ചു. ഏതു കേസിലും  പ്രതികള്‍ രക്ഷപ്പെടാനുള്ള വഴികള്‍ കണ്ടെത്തും. സര്‍ക്കാരിന്റെ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചു കൊണ്ടാണ് മുട്ടില്‍ പോലുള്ള ഇടങ്ങളില്‍ മരംമുറി നടന്നതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടിട്ടുണ്ട്. ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തു എന്ന് ബോധ്യപ്പെട്ടപ്പോഴാണ് ഉത്തരവ് മരവിപ്പിച്ചത് എന്നും മന്ത്രി വ്യക്തമാക്കി.

മുട്ടില്‍ മരംമുറി കേസ്

സര്‍ക്കാര്‍ നല്‍കിയ പട്ടയഭൂമിയില്‍ നിന്നും അവിടെ താമസമാക്കിയ ഭൂവുടമകള്‍ക്ക് മരം മുറിക്കാന്‍ അവകാശമില്ല. ചന്ദനം, തേക്ക്, ഈട്ടി എന്നിവ ഉള്‍പ്പെടെ ഒന്‍പത് തരം മരങ്ങളാണ് മുറിക്കാന്‍ അവകാശമില്ലാത്തത്. ഇവ പൂര്‍ണമായും സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ്. ഇതില്‍ ഉള്‍പ്പെടാത്ത മരങ്ങള്‍ സര്‍ക്കാരിലേക്ക് നിശ്ചിത തുക കെട്ടിവച്ച് മുറിക്കാനുള്ള അവകാശം പട്ടയഭൂമിയില്‍ താമസിക്കുന്ന ഭൂവുടമകള്‍ക്ക് ഉണ്ട്. എന്നാല്‍ 2020 ഒക്ടോബര്‍ 24 ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെ തിലക് ഒരു ഉത്തരവ് പുറപ്പെടുവിച്ചു.  ചന്ദനം ഒഴികെയുള്ള മറ്റ് എട്ടുതരം മരങ്ങളും ഭൂവുടമകള്‍ക്ക് മുറിക്കാം എന്നായിരുന്നു ഉത്തരവ്. 2021 ജനുവരിയില്‍ ഈ ഉത്തരവ് റദ്ദാക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഈ മൂന്നുമാസക്കാലത്തിനുള്ളില്‍  മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയ ഭൂമി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളല്‍ നിന്നും മുറിച്ചു കടത്തിയത് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

മുട്ടില്‍ മരംമുറികേസിലെ പ്രധാന പ്രതികളാണ് റിപ്പോര്‍ട്ടര്‍ ടിവി ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍, മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍, ഡയറക്ടര്‍ ജോസ് കുട്ടി എന്നിവര്‍. സര്‍ക്കാര്‍ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മരംമുറിക്കല്‍ നടന്നതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഭൂവുടമകളായ കര്‍ഷകര്‍ പറയുന്നത് റോജി അഗസ്റ്റിന്‍ തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് മരം മുറിച്ചത് എന്നാണ്. മരംമുറിക്കുന്നതിനായി വില്ലേജ് ഓഫീസില്‍ നല്‍കിയ അപേക്ഷകള്‍ വ്യാജമാണെന്നും തെളിഞ്ഞിട്ടുണ്ട്.  മരം മുറിക്കാന്‍ അപേക്ഷകള്‍ നല്‍കിയിട്ടില്ലെന്നും രേഖകള്‍ തയ്യാറാക്കിയത് മരം വാങ്ങിയ റോജി അഗസ്റ്റിന്‍ ആണെന്നും മരം നല്‍കിയ വാഴവറ്റയിലെ വാളംവയലൂരിലെ ബാലന്‍ എന്നയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ബാലന്റേയും സഹോദരിയുടേയും ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നാണ് ഈട്ടിമരം മുറിച്ച് കടത്തിയത്. ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം റോജിയാണ് വ്യജ അപേക്ഷ തയ്യാറാക്കിയതെന്ന് തെളിഞ്ഞിട്ടുണ്ട്.

ഇടനിലക്കാരെ ഉപയോഗിച്ചാണ് ആദ്യം പട്ടയഭൂമിയില്‍ താമസിക്കുന്ന ആളുകളെ റോജിയുടെ നേതൃത്വത്തില്‍ ആദ്യം സമീപിക്കുന്നത്. പിന്നീട് നേരിട്ട് എത്തിയ റോജി കച്ചവടം ഉറപ്പിക്കുകയായിരുന്നു. പേപ്പര്‍ വര്‍ക്കുകള്‍ എല്ലാം തങ്ങള്‍ ചെയ്തുകൊള്ളാം എന്നാണ് ഭൂവുടമകളോട് റോജി പറഞ്ഞത്. ശേഷം വ്യാജ ഒപ്പിട്ടുകൊണ്ട് വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കുകയായിരുന്നു. ഇവര്‍ നല്‍കിയ ഏഴ് അപേക്ഷകളും വ്യാജമാണെന്ന് സാധൂകരിക്കുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ടും ഭൂവുടമകളുടെ വെളിപ്പെടുത്തലുകളും.

65 ഉടമകളുടെ ഭൂമിയില്‍ നിന്ന് 104 മരങ്ങളാണ് മുറിച്ച് കടത്തിയത്. കേസില്‍ പ്രതിചേര്‍ത്തിരുന്ന കര്‍ഷകരും ആദിവാസികളും ഉള്‍പ്പെടെയുള്ള 28 പേരെ കേസില്‍ നിന്നും ഒഴിവാക്കിയിരുന്നു. ആദിവാസികളെയും കര്‍ഷകരെയും കബളിപ്പിച്ചാണ് മരം മുറിച്ചതെന്ന് വ്യക്തമായതോടെയായിരുന്നു നടപടി. 

മരങ്ങളുടെ കാലനിര്‍ണയ പരിശോധന പൂര്‍ത്തിയാക്കിയപ്പോള്‍ മുന്നൂറു മുതല്‍ അഞ്ഞൂറു വരെ വര്‍ഷം പഴക്കമുള്ള, സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ട മരങ്ങള്‍ പോലും മുറിച്ച് കടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് കേരളാ ലാന്റ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരമുള്ള നടപടികളിലേക്ക് കടക്കുന്നില്ല എന്നുള്ള ആക്ഷേപം പബ്ലിക് പ്രോസ്‌ക്യൂട്ടര്‍ ജോസഫ് മാത്യു ഉന്നയിച്ചിരുന്നു. വനം വകുപ്പ് ഇതുമായി ബന്ധപ്പെട്ട് എടുത്ത 44 കേസുകളില്‍ മൂന്നെണ്ണത്തിലൊഴികെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല എന്നുള്ള റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തു വരുന്നുണ്ട്.




#Daily
Leave a comment