TMJ
searchnav-menu
post-thumbnail

TMJ Daily

മുഴപ്പിലങ്ങാട് സൂരജ് വധം: എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം

24 Mar 2025   |   1 min Read
TMJ News Desk

ണ്ണൂരിലെ മുഴപ്പിലങ്ങാട് ബിജെപി പ്രവര്‍ത്തകനായ സൂരജിനെ വധിച്ചക്കേസില്‍ രണ്ട് മുതല്‍ ഒമ്പത് വരെയുള്ള പ്രതികള്‍ക്ക് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒന്നാം പ്രതിയും പന്ത്രണ്ടാം പ്രതിയും വിചാരണ വേളയില്‍ മരിച്ചിരുന്നു.

രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ ആയുധ നിരോധന നിയമ പ്രകാരം രണ്ട് വര്‍ഷം തടവ് അനുഭവിക്കുകയും 25,000 രൂപ പിഴ അടയ്ക്കുകയും വേണം. ഈ പണം സൂരജിന്റെ കുടുംബത്തിന് നല്‍കണം.

പത്താം പ്രതിയെ വെറുതെ വിട്ട കോടതി പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷത്തെ തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഒന്നാം പ്രതിക്ക് ഒളിവില്‍ പാര്‍ക്കാര്‍ സൗകര്യം നല്‍കിയെന്നതാണ് 11-ാം പ്രതിയുടെ പേരിലുള്ള കുറ്റം.

ടി കെ രജീഷ്, എന്‍ വി യോഗേഷ്, കെ ഷംജിത്ത്, പി എം മനോരാജ്, നെയ്യോത്ത് സജീവന്‍, വി പ്രഭാകരന്‍, കെ വി പത്മനാഭന്‍, മന്ദമ്പേത്ത് രാധാകൃഷ്ണന്‍, പ്രകാശന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

പി കെ ഷംസുദീനാണ് ഒന്നാം പ്രതി. ടി പി രവീന്ദ്രന്‍ 12ാം പ്രതിയുമായിരുന്നു.

ടി പി വധക്കേസ് പ്രതിയാണ് ടി കെ രജീഷ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറിയായ പി എം മനോജിന്റെ സഹോദരനാണ് പി എം മനോരാജ്. രജീഷ് നല്‍കിയ കുറ്റസമ്മത മൊഴി പ്രകാരമാണ് ഇരുവരേയും കേസില്‍ പ്രതി ചേര്‍ത്ത് അനുബന്ധ കുറ്റപത്രം നല്‍കി വിചാരണ നടത്തിയത്.

സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനാണ് സൂരജിനെ വധിച്ചത്. 2005 ഓഗസ്റ്റ് ഏഴിന് രാവിലെ ഒമ്പത് മണിയോടെയാണ് മുഴപ്പിലങ്ങാട് വച്ച് ഓട്ടോയിലെത്തിയ സംഘം സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ സംഭവത്തിന് ആറ് മാസത്തിന് മുമ്പ് നടന്ന ആക്രമണത്തില്‍ സൂരജിന്റെ ഇരുകാലിനും വെട്ടേറ്റിരുന്നു.






 

#Daily
Leave a comment