നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ നടപടിയുമായി എംവിഡി; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും
നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നടപടി ആരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പ്. രാത്രി അമിതവേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരുക്കേറ്റ സംഭവത്തിലാണ് നടപടി. വാഹനമിടിച്ച് പരുക്കേല്‍പ്പിച്ചതിന് ഐപിസി 338 പ്രകാരമാണ് പാലാരിവട്ടം പൊലീസ് കേസ് എടുത്തിരിക്കുന്നത്. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണം ബോധ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് മൂന്ന് തവണ മോട്ടോര്‍ വാഹന വകുപ്പ് സുരാജിന് നോട്ടീസ് അയച്ചിരുന്നു. മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നടപടി ആരംഭിച്ചതെന്ന് എറണാകുളം ആര്‍ടിഒ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ മൂന്ന് മാസത്തേക്ക് സുരാജിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. കഴിഞ്ഞ മാസമായിരുന്നു മൂന്നാമത്തെ അവസരം നല്‍കിയത്. എന്നാല്‍ സുരാജ് ഹാജരാകുന്നതിനോ മറുപടി നല്‍കുന്നതിനോ തയ്യാറായില്ല.
സുരാജിനോട് ഗതാഗത നിയമങ്ങള്‍ പഠിക്കണമെന്ന് എംവിഡി
ജൂലൈ 29 ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു അപകടം. സുരാജ് ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികനായ മഞ്ചേരി സ്വദേശി ശരത്തിന്റെ വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു. പാലാരിവട്ടം പൊലീസ് നടപടിയെടുക്കുകയും തുടര്‍ നടപടിക്കായി എഫ്ഐആര്‍ മോട്ടര്‍ വാഹന വകുപ്പിനു കൈമാറുകയും ചെയ്തു. അപകടത്തിന് പിന്നാലെ നടന്റെ കാര്‍ എംവിഡി പരിശോധിച്ചിരുന്നു. ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള ക്ലാസില്‍ സുരാജ് പങ്കെടുക്കണമെന്നും എംവിഡി അറിയിച്ചു.