TMJ
searchnav-menu
post-thumbnail

TMJ Daily

മ്യാൻമർ ഭൂചലനം: ഓപ്പറേഷൻ ബ്രഹ്മയുമായി ഇന്ത്യ

29 Mar 2025   |   1 min Read
TMJ News Desk

ക്തമായ ഭൂകമ്പത്തില്‍ കനത്ത നാശനഷ്ടമുണ്ടായ മ്യാന്‍മറിലേക്ക് സഹായവുമായി ഇന്ത്യ. ഓപ്പറേഷന്‍ ബ്രഹ്മ എന്ന പേരില്‍ 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായാണ് വ്യോമസേനാ വിമാനം യാങ്കൂണ്‍ വിമാനത്താവളത്തിലെത്തിയത്.

ടെന്റുകള്‍, പുതപ്പുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, ഭക്ഷണ പാക്കറ്റുകള്‍, ശുചിത്വ കിറ്റുകള്‍, ജനറേറ്ററുകള്‍, അവശ്യ മരുന്നുകള്‍ എന്നിവയുള്‍പ്പെടെ ദുരിതാശ്വാസ വസ്തുക്കള്‍ വഹിച്ചുകൊണ്ട് ഇന്ത്യന്‍ വ്യോമസേനയുടെ സി-130 ജെ വിമാനം യാങ്കൂണില്‍ എത്തിയതായി  വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്‌സിലൂടെ അറിയിച്ചു. ഈ വിമാനത്തിനൊപ്പം രക്ഷാ സംഘവും മെഡിക്കല്‍ സംഘവും ഉള്ളതായും സംഭവവികാസങ്ങള്‍ നിരീക്ഷിക്കുകയും, കൂടുതല്‍ സഹായം തുടരുമെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെയാണ് മ്യാന്‍മറിനേയും അയല്‍രാജ്യമായ തായ്‌ലന്‍ഡിനേയും പിടിച്ചുകുലുക്കിയ, റിക്ടര്‍സ്‌കെയിലില്‍ തീവ്രത 7.7 രേഖപ്പെടുത്തിയ കനത്ത ഭൂകമ്പമുണ്ടായത്. തുടര്‍ന്നും റിക്ടര്‍സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. മ്യാന്‍മറില്‍ മരണസംഖ്യ 694 ആയി ഉയര്‍ന്നു. 1,670 പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.

മധ്യ മ്യാന്‍മറിലെ സഗായിങ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്ക്-പടിഞ്ഞാറാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നു. ശക്തമായ കമ്പനങ്ങള്‍ തായ്‌ലന്‍ഡിലും ചൈനയിലെ യുനാനിലും ഉണ്ടായി. മ്യാന്‍മറില്‍ ധാരാളം കെട്ടിടങ്ങളും റോഡുകളും തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നാശനഷ്ടത്തിന്റെ കണക്ക് വ്യക്തമല്ല.




#Daily
Leave a comment