TMJ
searchnav-menu
post-thumbnail

TMJ Daily

മ്യാന്മാര്‍ ഭൂകമ്പം: ജനം ഭക്ഷണവും കുടിവെള്ളവും ഇല്ലാതെ വലയുന്നു

01 Apr 2025   |   1 min Read
TMJ News Desk

മ്യാന്മാറിലെ ഭൂകമ്പദുരിതബാധിതര്‍ ഭക്ഷണം, കുടിവെള്ളം, താമസസൗകര്യം എന്നിവയില്ലാതെ വലയുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍. കഴിഞ്ഞയാഴ്ച്ച ഉണ്ടായ വിനാശകാരിയായ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ജീവനോടെ ആളുകളെ കണ്ടെത്താനുള്ള പരിശ്രമം തുടരുകയാണ്.

മ്യാന്മാറില്‍ 2,065 പേരും തായ്‌ലന്‍ഡില്‍ 20 പേരും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 3,900 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും 270 പേരെ കാണാനില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താമസസൗകര്യമില്ലാത്തത് കാരണം ആളുകള്‍ റോഡ് സൈഡിലും വയലുകളിലുമാണ് ഉറങ്ങുന്നത്. കൂടാതെ, തുടര്‍ ഭൂകമ്പ ഭീതിയും അവരെ വേട്ടയാടുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നാശം വിതച്ചത്.

പട്ടണങ്ങളിലും നഗരങ്ങളിലും സുരക്ഷിതമായ ഇടങ്ങള്‍ വളരെക്കുറവാണ്. അതിനാല്‍, ടെന്റുകള്‍ അത്യാവശ്യമാണെന്ന് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ മാണ്ഡലേയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. കേടുപറ്റാത്ത വീടുകള്‍ ഉള്ളവര്‍ പോലും പേടി കാരണം പുറത്താണ് ഉറങ്ങുന്നത്.

മരുന്നുകളും കുടിവെള്ളവും ഭക്ഷണവും അത്യാവശ്യമാണെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

അതേസമയം, 2021ല്‍ സൈന്യം ഭരണം പിടിച്ചതിനെ തുടര്‍ന്ന് മ്യാന്മാറില്‍ ആരംഭിച്ച ആഭ്യന്തര യുദ്ധം രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

ആവശ്യത്തിന് രക്ഷാപ്രവര്‍ത്തകരും മറ്റ് ഉപകരണങ്ങളും ലഭ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ തന്നെ സംഘടിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പകല്‍ സമയം കെട്ടിടങ്ങള്‍ക്കുള്ളില്‍ പോകുമെങ്കിലും രാത്രിയില്‍ അവിടെ തങ്ങാന്‍ ആളുകള്‍ പേടിക്കുന്നുണ്ട്.

സൈനിക ഭരണകൂടം തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് ദുഖാചരണം പ്രഖ്യാപിച്ചു. ആശയവിനിമയ സംവിധാനങ്ങളുടെ മേല്‍ സൈന്യത്തിനുള്ള നിയന്ത്രണവും തകര്‍ന്ന റോഡുകളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നുണ്ട്.






 

#Daily
Leave a comment