
ഭൂകമ്പ ദുരിതം തുടരുമ്പോഴും ആക്രമണം നടത്തി മ്യാന്‍മാര്‍ സൈനികഭരണകൂടം
നാല് വര്‍ഷമായി ആഭ്യന്തര യുദ്ധം നടക്കുന്ന മ്യാന്മാറില്‍ 1600ല്‍ അധികം പേര്‍ കൊല്ലപ്പെട്ട ഭൂകമ്പത്തിന്റെ ഭീതിയില്‍ ജനം കഴിയുമ്പോഴും ജനാധിപത്യവാദികളുടെ നേര്‍ക്കുള്ള ആക്രമണം പട്ടാള ഭരണകൂടം തുടരുന്നു. ഇത് അന്യായവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് യുഎന്‍ പറഞ്ഞു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ സഗായിങ് മേഖല നിലവില്‍ ജനാധിപത്യാനുകൂലികളുടെ കീഴിലാണ്.
യുഎന്നും ദുരിതാശ്വാസപ്രവര്‍ത്തകരും ഭൂകമ്പത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ സൈന്യം ബോംബ് വര്‍ഷിക്കുകയാണെന്ന് യുഎന്നിന്റെ രക്ഷാദൗത്യത്തിന്റെ ഭാഗമായ ടോം ആന്‍ഡ്രൂസ് പറഞ്ഞു.
നാല് വര്‍ഷം മുമ്പ് അട്ടിമറി നടത്തി മ്യാന്‍മാറിന്റെ ഭരണം പിടിച്ചെടുത്ത സൈന്യവുമായി അദ്ദേഹം ബന്ധപ്പെട്ട് ആക്രമണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സൈന്യത്തിനുമേല്‍ സ്വാധീനമുള്ള ആരെങ്കിലും ആക്രമണം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച്ച വടക്കന്‍ പ്രദേശമായ നൗന്‍ഗ്‌ചോയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഭൂകമ്പം ഉണ്ടായി മൂന്ന് മണിക്കൂര്‍ കഴിയുംമുമ്പായിരുന്നു ആക്രമണം. സഗായിങ് മേഖലയിലെ ചാങ്-യു പട്ടണത്തിലും വ്യോമാക്രമണം നടന്നുവെന്ന് ജനാധിപത്യാനുകൂലികള്‍ പറഞ്ഞു.
സൈന്യം പുറത്താക്കിയ ജനാധിപത്യ ഭരണകൂടത്തെ പ്രതിനിധീകരിക്കുന്ന ദേശീയ ഐക്യ സര്‍ക്കാര്‍ രണ്ടാഴ്ച്ചത്തേക്ക് ആക്രമണം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചു. എന്നാല്‍ ആക്രമണം ഉണ്ടായാല്‍ പ്രതിരോധിക്കുമെന്നും അവര്‍ അറിയിച്ചു.
ആങ്‌സാങ് സൂചിയുടെ നേതൃത്വത്തിലുള്ള ഭരണത്തെ അട്ടിമറിച്ചാണ് സൈന്യം ഭരണം പിടിച്ചത്. ഇതിനെ തുടര്‍ന്ന് പതിവായി ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ നടക്കാറുണ്ട്.
നിയമലംഘന പ്രസ്ഥാനമായി ആരംഭിച്ച പ്രചാരണം പിന്നീട് ജനാധിപത്യ അനുകൂലികളും ഗോത്ര വിഭാഗങ്ങളും പങ്കെടുക്കുന്ന പ്രക്ഷോഭമായി വളര്‍ന്നു. ഇത് ഇവര്‍ ഒരു വശത്തും സൈന്യം മറുവശത്തും നിരന്നുള്ള ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചു.


