
ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി ജനറലായി നയിം ഖാസിം
ലെബനൻ ആസ്ഥാനമായ ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി ജനറലായി നയിം ഖാസിം ചുമതലയേറ്റു. ഹിസ്ബുല്ല സെക്രട്ടറി ജനറലായിലുന്ന ഹസൻ നസ്രല്ല ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുതിയ സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്. ഹിസ്ബുല്ലയുടെ സ്ഥാപക നേതാക്കളിലൊരാളായ നയിം ഖാസിം ഇതുവരെ സംഘടനയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായിരുന്നു.
സെപ്തംബർ 27ന് ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നസ്രല്ല കൊല്ലപ്പെടുകയായിരുന്നു. നസ്രല്ലയുടെ ബന്ധുവായ ഹാഷിം സഫീദ്ദീൻ ഹിസ്ബുല്ലയുടെ ചുക്കാൻ പിടിക്കാനുള്ള വ്യക്തിയായി മുമ്പ് കണ്ടിരുന്നു, എന്നാൽ നസ്രല്ലയുടെ കൊലപാതകത്തിന് പിന്നാലെ തന്നെ ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ മറ്റൊരു ആക്രമണത്തിൽ അദ്ദേഹവും കൊല്ലപ്പെട്ടു. ഒക്ടോബർ 23നാണ് മരണം സ്ഥിരീകരിച്ചത്.
ഹിസ്ബുല്ലയുടെ "നമ്പർ ടു" എന്ന് വിളിക്കപ്പെടുന്ന വ്യക്തിയാണ് 71 കാരനായ നയിം ഖാസിം. 1980കളുടെ തുടക്കത്തിൽ ഗ്രൂപ്പ് സ്ഥാപിച്ച
മതപണ്ഡിതന്മാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന് ഷിയാ രാഷ്ട്രീയ പ്രവർത്തനത്തിൽ ദീർഘമായ പാരമ്പര്യമുണ്ട്.
ഇസ്രയേലുമായി 2006ൽ നടന്ന യുദ്ധത്തെത്തുടർന്ന് നസ്രല്ല ഒളിവിൽ പോയതിന് ശേഷം പരസ്യമായി പ്രത്യക്ഷപ്പെടുന്നത് തുടരുന്ന ഏറ്റവും മുതിർന്ന ഹിസ്ബുള്ള നേതാവാണ് നയിം ഖാസിം. നേതാവായിരുന്ന നസ്രല്ല കൊല്ലപ്പെട്ടതിനുശേഷം, നയിം ഖാസിം മൂന്ന് തവണ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സെപ്തംബർ 30ന്, ഇസ്രായേലിനെതിരെ പോരാടാനും വിജയിക്കാനും ഹിസ്ബുല്ല തയ്യാറാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ഹിസ്ബുള്ളയുടെ തത്ത്വങ്ങളും ലക്ഷ്യങ്ങളും നടപ്പാക്കുന്നതിനാണ് നയിം ഖാസിമിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്ന് സംഘടന വാർത്താക്കുറിപ്പിൽ അറിയിച്ചു. തെക്കൻ ലെബനനിൽ 1953ൽ ജനിച്ച നയിം ഖാസിം, രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത് ലെബനൻ ഷിയ അമാൽ പ്രസ്ഥാനത്തിൽ നിന്നാണ്. 1979ൽ ഇറാനിലെ ഇസ്ലാമിക വിപ്ലവം നിരവധി യുവ ലെബനൻ ഷിയ പ്രവർത്തകരുടെ രാഷ്ട്രീയ ചിന്തയെ രൂപപ്പെടുത്തി. ഈ പശ്ചാത്തലത്തിലാണ് നയിം ഖാസിം ആ ഗ്രൂപ്പ് വിടുന്നത്. ലെബനനിലെ ഇസ്രായേൽ അധിനിവേശത്തിന് മറുപടിയായി 1982ലെ ഇറാനിലെ വിപ്ലവ ഗാർഡുകളുടെ പിന്തുണയോടെ സ്ഥാപിതമായ ഹിസ്ബുല്ലയുടെ രൂപീകരണ യോഗങ്ങളിൽ നയിം ഖാസിം പങ്കാളിയായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഹിസ്ബുല്ല ആദ്യമായി മത്സരിച്ച 1992 മുതൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ജനറൽ കോർഡിനേറ്ററാണ് അദ്ദേഹം. 2005ൽ അദ്ദേഹമാണ് ഹിസ്ബുല്ലയുടെ ഔദ്യോഗിക ചരിത്രമെഴുതിയത്.