TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

നഗോര്‍ണോ-കരാബാക്ക് സൈനിക നടപടി: അര്‍മേനിയന്‍ വംശജരുടെ കൂട്ടപലായനം തുടരുന്നു

30 Sep 2023   |   2 min Read
TMJ News Desk

ഗോര്‍ണോ-കരാബാക്ക് മേഖലയുടെ നിയന്ത്രണം ഇസ്ലാമിക രാജ്യമായ അസര്‍ബൈജാന്‍ സ്വന്തമാക്കിയതോടെ ജനസംഖ്യയുടെ 80 ശതമാനത്തിലധികം പേരും അര്‍മേനിയയിലേക്ക് പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. നഗോര്‍ണോ-കരാബാക്കില്‍ 1,20,000 അര്‍മേനിയന്‍ വംശജരാണ് ഉണ്ടായിരുന്നത്. ഇതില്‍ 97,700 ലധികം ആളുകളും അര്‍മേനിയയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞദിവസം നഗോര്‍ണോ-കരാബാക്കിലെ ഇന്ധന സംഭരണശാലയില്‍ അപ്രതീക്ഷിതമായി ഉണ്ടായ സ്‌ഫോടനത്തില്‍ 200 ലധികം ആളുകള്‍ കൊല്ലപ്പെട്ടു. സ്‌ഫോടനകാരണം ഇതുവരെ വ്യക്തമായിട്ടില്ല. 15 ലധികം അജ്ഞാത മൃതദേഹങ്ങളും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അസര്‍ബൈജാന്‍ സൈന്യം നഗോര്‍ണോ-കരാബാക്കില്‍ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതോടെ വംശീയ ഉന്മൂലനം ഭയന്നാണ് 13,350 അഭയാര്‍ത്ഥികള്‍ അര്‍മേനിയയില്‍ എത്തിയതെന്ന അര്‍മേനിയന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ആക്രമണം. 

നടക്കുന്നത് വംശീയ ഉന്മൂലനം 

നഗോര്‍ണോ-കരാബാക്കില്‍ നിന്ന് അര്‍മേനിയയിലേക്കുള്ള പാത പത്തു മാസങ്ങള്‍ക്കുശേഷം തുറന്നു നല്‍കിയതോടെയാണ് ജനങ്ങള്‍ പലായനം ആരംഭിച്ചത്. പലായനത്തെ വംശീയ ഉന്മൂലനമെന്നാണ് അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പഷിന്‍യാന്‍ പറഞ്ഞത്. അസര്‍ബൈജാനെതിരെ അന്താരാഷ്ട്ര തലത്തില്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗോര്‍ണോ-കരാബാക്കില്‍ നിന്ന് പുറത്തിറങ്ങാന്‍ ചിലര്‍ ദിവസങ്ങളോളം എടുത്തതായും അധികൃതര്‍ അറിയിച്ചു. 

അതേസമയം, പ്രദേശത്തുനിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നാഗോര്‍ണോ കരാബാക്കിലെ ഉന്നത നേതാവും മുന്‍ മന്ത്രിയുമായ റൂബന്‍ വര്‍ദന്യനെ അസര്‍ബൈജാന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. തീവ്രവാദത്തിനും മറ്റ് കുറ്റകൃത്യങ്ങള്‍ക്കും സഹായം നല്‍കിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. അര്‍മേനിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കസ്റ്റഡിയിലെടുത്തത്. 

സ്വയം പ്രഖ്യാപിത നഗോര്‍ണോ-കരാബാക്ക് റിപ്പബ്ലിക് പിരിച്ചുവിടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2024 ജനുവരി ഒന്നിനകം എല്ലാ സംസ്ഥാന സ്ഥാപനങ്ങളും പിരിച്ചുവിടാനുള്ള ഉത്തരവില്‍ നഗോര്‍ണോ-കരാബാക്ക് പ്രസിഡന്റ് സാംവെല്‍ ഷഹ്രാമന്യന്‍ സെപ്തംബര്‍ 20 ന് ഒപ്പുവച്ചിരുന്നു. നഗോര്‍ണോ-കരാബാക്ക് മേഖലയില്‍ നിന്നും കൂട്ടപലായനം തുടര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. 

പോഷകാഹാരക്കുറവു മൂലം കൃത്യസമയത്ത് മരുന്ന് ലഭിക്കാതെയും അര്‍മേനിയയിലേക്കുള്ള വഴിയില്‍ പ്രായമായവര്‍ ഉള്‍പ്പെടെ മരിച്ചുവീണതായും അര്‍മേനിയന്‍ ആരോഗ്യമന്ത്രി അനഹിത് അവനേസ്യന്‍ പറഞ്ഞു. അസര്‍ബൈജാന്റെ പുനഃസംയോജനത്തിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കുന്നതായും പ്രദേശത്ത് തുടരണോ വിട്ടുപോകണോ എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് സ്വതന്ത്രവും വ്യക്തിഗതവുമായ തീരുമാനമെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു. 

പതിറ്റാണ്ടുകളായ തര്‍ക്കം

മുന്‍ സോവിയറ്റ് പ്രദേശങ്ങളായ അര്‍മേനിയയും അസര്‍ബൈജാനും പതിറ്റാണ്ടുകളായി നഗോര്‍ണോ-കരാബാക്കി മേഖലയ്ക്കായി സംഘര്‍ഷത്തിലായിരുന്നു. തുര്‍ക്കിയുടെ പിന്തുണയോടെ 2020 നവംബറില്‍ അവസാനിച്ച രണ്ടാം യുദ്ധത്തില്‍ അസര്‍ബൈജാന്‍ അര്‍മേനിയയുടെ മേല്‍ ആധിപത്യം ഉറപ്പിച്ചു. അര്‍മേനിയന്‍ വംശജരെ തുല്യപൗരന്മാരായി കാണുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നുമാണ് മുസ്ലിം ഭൂരിപക്ഷ അസര്‍ബൈജാന്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ 2023 സെപ്തംബര്‍ 19 ന് പെട്ടെന്ന് അസര്‍ബൈജാന്റെ നേതൃത്വത്തില്‍ സൈനിക ആക്രമണം നടക്കുകയായിരുന്നു. 

തെക്കന്‍ കോക്കസസിലെ പര്‍വതമേഖലയായ നഗോര്‍ണോ-കറാബാക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടതു പ്രകാരം അസര്‍ബൈജാന്റെ ഭാഗമാണെങ്കിലും മൂന്നുപതിറ്റാണ്ടായി അര്‍മേനിയന്‍ വംശജരുടെ നിയന്ത്രണത്തിലായിരുന്നു. അസര്‍ബൈജാന്‍ സൈന്യം നഗോര്‍ണോ-കറാബാഖില്‍ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് പലായനം ആരംഭിച്ചത്.

#Daily
Leave a comment