
നാഗ്പൂര്‍ സംഘര്‍ഷം: പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു
മാര്‍ച്ച് 17ന് നാഗ്പൂരില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ വീട് ഭാഗികമായി ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. മൈനോരിറ്റീസ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ഫാഹിം ഖാന്റെ വീട് നിയമം ലംഘിച്ചു നിര്‍മ്മിച്ചതെന്ന് ആരോപിച്ചാണ് നാഗ്പൂര്‍ പ്രാദേശിക ഭരണകൂടം ഭാഗികമായി തകര്‍ത്തത്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഖാനും മറ്റ് അഞ്ച് പേര്‍ക്കും എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. കൂടാതെ സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും കേസുണ്ട്.
അതേസമയം, നാഗ്പൂരില്‍ നിലനിന്നിരുന്ന നിരോധനാജ്ഞ വര്‍ഗീയ സംഘര്‍ഷം ഉണ്ടായി ആറ് ദിവസങ്ങള്‍ക്കുശേഷം പൂര്‍ണമായും പിന്‍വലിച്ചു. നാഗ്പൂരിലെ ക്രമസമാധാന നില സാധാരണനിലയില്‍ ആയെന്ന് പൊലീസ് കമ്മീഷണര്‍ രവീന്ദര്‍ സിംഗാള്‍ പറഞ്ഞു.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 104 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും കമ്മീഷണര്‍ പറഞ്ഞു. ഛത്രപതി സാംഭാജി നഗറിലുള്ള മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധം നടത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.
ഇതേതുടര്‍ന്ന് നാഗ്പൂരിലെ 11 പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.