
50 കോടി രൂപയ്ക്ക് ഫ്ളാറ്റ് വാങ്ങി നാരായണ മൂര്‍ത്തി; വിമര്‍ശിച്ച് നെറ്റിസണ്‍സ്
ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി ബാംഗ്ലൂരിലെ കിങ്ഫിഷര്‍ ടവറില്‍ ആഢംബര ഫ്‌ളാറ്റ് വാങ്ങി. 50 കോടി രൂപയാണ് വില. ടവറിലെ 16-ാം നിലയില്‍ 8,400 ചതുരശ്രഅടി വിസ്തീര്‍ണമുള്ള ഫ്‌ളാറ്റില്‍ നാല് കിടപ്പുമുറികള്‍ ഉണ്ട്. അഞ്ച് കാറുകള്‍ ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഈ ഫ്‌ളാറ്റില്‍ ഉണ്ട്. മുംബൈയിലെ ഒരു ബിസിനസുകാരനില്‍ നിന്നുമാണ് ഈ ഫ്‌ളാറ്റ് മൂര്‍ത്തി വാങ്ങിയത്. ഇതേ അപ്പാര്‍ട്ട്‌മെന്റില്‍ മൂര്‍ത്തിയുടെ ഭാര്യയും എഴുത്തുകാരിയും രാജ്യസഭാംഗവുമായ സുധാമൂര്‍ത്തി നാല് വര്‍ഷം മുമ്പ് 29 കോടി രൂപ മുടക്കി ഒരു ഫ്‌ളാറ്റ് വാങ്ങിയിരുന്നു. ബയോകോണിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മജൂംദാര്‍ ഷായെ പോലുള്ള പ്രമുഖരാണ് ഇവിടെ വസിക്കുന്നത്.
ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ സ്ഥാപകനായ മൂര്‍ത്തി ഇന്ത്യയിലെ തൊഴില്‍ സംസ്‌കാരത്തെക്കുറിച്ച് നടത്തിയിട്ടുള്ള പ്രസ്താവനകള്‍ വിവാദമായിട്ടുണ്ട്. ഒരാഴ്ച്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞത് വളരെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. പുതിയ ഫ്‌ളാറ്റ് 50 കോടി രൂപ മുടക്കി വാങ്ങിയെന്ന വാര്‍ത്തയുടെ പിന്നാലെ മൂര്‍ത്തിയെ വിമര്‍ശിച്ചും പരിഹസിച്ചും നെറ്റിസണ്‍സ് രംഗത്തെത്തിയിട്ടുണ്ട്.
ഈ വാങ്ങല്‍ ഈ മേഖലയിലെ പാര്‍പ്പിട സൗകര്യങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. ഒരു ചതുരശ്ര അടിക്ക് 59,500 രൂപയാണ് വില.
നഗരഹൃദയത്തില്‍ 4.5 ഏക്കർ ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള കിങ്ഫിഷര്‍ ടവേഴ്‌സില്‍ മൂന്ന് ബ്ലോക്കുകളിലായി 81 അപ്പാര്‍ട്ട്‌മെന്റുകള്‍ ഉണ്ട്. വിജയ് മല്ല്യയുടെ കുടുംബ വീട് നിലവിലുണ്ടായിരുന്ന സ്ഥലത്ത് 2010ല്‍ മല്ല്യയും പ്രസ്റ്റീജ് ഗ്രൂപ്പും ചേര്‍ന്നാണ് ഈ ടവറുകള്‍ സ്ഥാപിച്ചിട്ടുള്ളത്.