NARENDRA MODI | PHOTO: PTI
ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ പ്രതികരിച്ച് നരേന്ദ്ര മോദി
ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസിലെ ന്യൂസ് വീക്ക് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചത്. ഇന്ത്യയെ സംബന്ധിച്ച് ചൈനയുമായുള്ള ബന്ധം സുപ്രധാനമാണെന്നും അതിര്‍ത്തിയില്‍ ദീര്‍ഘകാലമായി തുടരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നുമായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം.
ഇന്ത്യയും ചൈനയും തമ്മിലുള്ള സുസ്ഥിരവും സമാധാനപരവുമായ ബന്ധം രണ്ട് രാജ്യങ്ങള്‍ക്ക് മാത്രമല്ല, ലോകത്തിന് തന്നെ പ്രധാനമാണെന്നും, നയതന്ത്ര, സൈനിക തലങ്ങളിലെ ഉഭയകക്ഷി ഇടപെടലുകളിലൂടെ അതിര്‍ത്തിയിലെ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു. 2020 ല്‍ ഗാല്‍വന്‍ താഴ്‌വരയില്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ഇന്ത്യ-ചൈന ബന്ധത്തെ ബാധിച്ചിരുന്നു. ഇരുപതോളം ഇന്ത്യന്‍ സൈനികര്‍ അന്ന് മരിച്ചതായാണ് വിവരം. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ( ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ എല്‍എസി) പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. മൂന്ന് വര്‍ഷത്തിലധികമായി ഇരു രാജ്യങ്ങളും തമ്മില്‍ ഈ മേഖലയില്‍ പ്രശ്‌നങ്ങളുണ്ട്.
ലഡാക്കിലെ സാമൂഹികവും രാഷ്ട്രീയവുമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ വാങ്ചുക്ക് ലഡാക്കില്‍ നടത്തിയ നിരാഹാരസമരത്തിലും ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്ന നിലപാട് സ്വീകരിക്കുന്നുവെന്നായിരുന്നു വിമര്‍ശനം. അതിര്‍ത്തി പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രി പ്രതികരിക്കുന്നില്ലെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.