രാഹുല്‍ ഗാന്ധി | Photo: PTI
നരേന്ദ്ര മോദിക്ക് പേടിയും വെപ്രാളവും, അയോഗ്യനാക്കിയത് ശ്രദ്ധ തിരിക്കാന്‍: രാഹുല്‍ ഗാന്ധി
തന്റെ ലോക് സഭ അംഗത്വം റദ്ദാക്കിയ നടപടി വെറും ശ്രദ്ധ തിരിക്കല്‍ തന്ത്രം മാത്രമാണെന്ന് രാഹുല്‍ ഗാന്ധി. താന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ നരേന്ദ്ര മോദിയെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ആ ഭീതിയുടെ ഫലമാണ് തനിക്കെതിരായ നടപടിയെന്നും രാഹുല്‍ പറഞ്ഞു. ലോക് സഭ അംഗത്വം നഷ്ടമായ ശേഷം നടത്തിയ ആദ്യ പത്ര സമ്മേളനത്തിലാണ് നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരായ ശക്തമായ അക്രമണം രാഹുല്‍ അഴിച്ചുവിട്ടത്.
ഗൗതം അദാനിയും നരേന്ദ്ര മോദിയും തമ്മില്‍ എന്താണ് ബന്ധം എന്ന ചോദ്യത്തിന് ഇതുവരെയും മറുപടി പറയാന്‍ മോദിയോ ബിജെപിയോ തയ്യാറായിട്ടില്ല. നരേന്ദ്ര മോദിയെ സംരക്ഷിക്കുന്ന പോലെ തന്നെ അദാനിയെയും സംരക്ഷിക്കുകയാണ് ബിജെപി. അദാനിയുടെ ഷെല്‍ കമ്പനികളിലേക്കെത്തിയ 20,000 കോടി രൂപ എവിടെ നിന്നെത്തി എന്നാണ് തന്റെ ചോദ്യം. അതിന് ഉത്തരമില്ല. ആ പണം ഉപയോഗിച്ച് രാജ്യത്ത് ആയുധങ്ങളും ഡ്രോണുകളും വരെ നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ ആരുടെ പണമാണത് എന്നതിന് ഉത്തരം പറയാന്‍ മോദി തയ്യാറാകുന്നില്ല. തന്റെ അടുത്ത പ്രസംഗം ലോക് സഭയില്‍ ഉയരരുതെന്ന ഉദ്ദേശവും അയോഗ്യനാക്കിയ നടപടിക്കു പിന്നിലുണ്ടെന്നും രാഹുല്‍ പറഞ്ഞു.
തന്നെ ജീവിതകാലത്തേക്ക് അയോഗ്യനാക്കിയാലും, ജയിലിലടച്ചാലും പ്രവര്‍ത്തനം തുടരും. തങ്ങളെ ഭയക്കുന്നവരെ മാത്രം കണ്ടാണ് ബിജെപിക്ക് ശീലം. എന്നാല്‍, താന്‍ അവരെ ഭയപ്പെടുന്നില്ലെന്നു മാത്രമല്ല, ചോദ്യങ്ങള്‍ ഇനിയും ആവര്‍ത്തിക്കുകയും ചെയ്യും. മോദിയും അദാനിയും തമ്മിലുള്ള ബന്ധമെന്താണെന്ന് രാജ്യം വൈകാതെതന്നെ അറിയുമെന്നും രാഹുല്‍ പറഞ്ഞു. മാപ്പ് ചോദിക്കുമോ എന്ന ചോദ്യത്തിന്, തന്റെ പേര് സവര്‍ക്കര്‍ എന്നല്ല ഗാന്ധി എന്നാണെന്നും അദ്ദേഹം മറുപടി പറഞ്ഞു. ഒപ്പം നിന്ന് പിന്തുണയ്ക്കുന്ന പ്രതിപക്ഷ കക്ഷികളോട് നന്ദിയുണ്ടെന്നും, അവരോടൊപ്പം ചേര്‍ന്ന് മുന്നോട്ടുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.