
വ്യാഴത്തിന്റെ ഉപഗ്രഹത്തിൽ ജീവന് സാധ്യതയുണ്ടോ എന്ന് പഠിക്കാൻ നാസ
വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിൽ ഭൂമിക്കു പുറമെ ജീവന് സാധ്യതയുണ്ടോ എന്ന് പഠിക്കാൻ ബഹിരാകാശപേടകം അയയ്ക്കാനൊരുങ്ങി നാസ. സൗരയൂഥത്തിൽ ഭൂമിക്ക് ശേഷം ജീവന് ഏറ്റവും കൂടുതൽ സാധ്യതയുണ്ട് എന്ന് കരുതപ്പെടുന്ന സ്ഥലമാണ് മഞ്ഞുറഞ്ഞ യൂറോപ്പ ഉപഗ്രഹം. ഉപഗ്രഹത്തിന്റെ ഉപഗ്രഹത്തിനടിയിൽ സമുദ്രമുണ്ടെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ഉപഗ്രഹം വാസയോഗ്യമാണോ എന്ന് ശാസ്ത്രജ്ഞർ വിലയിരുത്തും.
ഒൻപത് ശാസ്ത്രീയ ഉപകരണങ്ങളോടു കൂടി, കേപ്പ് കാനാവേരലിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും സ്പേസ്എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റിലാണ് നാസയുടെ യൂറോപ്പ ക്ലിപ്പർ എന്ന പേടകം വിക്ഷേപിക്കുക. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന റോബോട്ടിക് പേടകമാണ് യൂറോപ്പ ക്ലിപ്പർ. 2.9 ബില്യൺ കിലോമീറ്റർ അഞ്ചര വർഷം കൊണ്ട് സഞ്ചരിച്ചതിന് ശേഷം 2030ഓടു കൂടി വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ പേടകത്തിന് പ്രവേശിക്കാൻ കഴിയുമെന്ന് നാസ ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഇന്ന് ഇന്ത്യൻ സമയം രാത്രി 9:36ന് പേടകം വഹിച്ചുകൊണ്ടുള്ള സ്പേസ്എക്സിന്റെ റോക്കറ്റ് വിക്ഷേപണം ചെയ്യും.
ജീവന് ആവശ്യമായ ഘടകങ്ങൾ യൂറോപ്പയിലുണ്ടെന്നതിന് ശക്തമായ തെളിവുകളുണ്ടെന്ന് ബോണി ബുറാറ്റി എന്ന നാസ ശാസ്ത്രജ്ഞ പറഞ്ഞു. ഇത് സ്ഥിരീകരിക്കാനായി അവിടെ പോയി നോക്കണമെന്നും, ജീവനുണ്ടോ എന്ന കണ്ടെത്താനല്ല ജീവന് അനുകൂലമായ സാഹചര്യങ്ങളുണ്ട് എന്ന കണ്ടെത്താനാണ് നാസയുടെ ശ്രമമെന്നും ബുറാറ്റി കൂട്ടിച്ചേർത്തു.
6000 കിലോഗ്രാം ഭാരവും 30.5 മീറ്റർ നീളവും 17.6 മീറ്റർ വീതിയുമുള്ള യൂറോപ്പ ക്ലിപ്പർ ഗ്രഹപഠനത്തിനു നാസ അയയ്ക്കുന്ന ഏറ്റവും വലിയ ബഹിരാകാശപേടകമാണ്. ശാസ്ത്രീയ ഉപകരണങ്ങളും, സോളാർ പാനലുകളും അടങ്ങുന്ന പേടകത്തിന് ഒരു ബാസ്കെറ്റ്ബാൾ കോർട്ടിനേക്കാൾ വലിപ്പമുണ്ട്. മധ്യരേഖയിൽ 3100 കിലോമീറ്ററാണു യൂറോപ്പയുടെ വ്യാസം. യൂറോപ്പയിൽ 15 തൊട്ട് 25 കിലോമീറ്ററോളം പുറന്തോട് പോലെ മഞ്ഞാണെന്നും ശാസ്ത്രജ്ഞർ കരുതുന്നു.


