
മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍
രാജ്യത്തെ മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം. മദ്രസകള്‍ക്കുളള സഹായങ്ങള്‍, മദ്രസ ബോര്‍ഡുകള്‍ എന്നിവ നിര്‍ത്തലാക്കുന്നത് ഉള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങള്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കാണ് ഈ നിര്‍ദ്ദേശം നൽകിയത്.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് എന്‍സിപിസിആര്‍ ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂംഗോ ഒക്ടോബര്‍ പതിനൊന്നിന് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. മൗലികാവകാശമായ വിദ്യാഭ്യാസത്തിന് കീഴില്‍ മതപഠനം വരില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. രക്ഷിതാക്കളുടെ സമ്മതമില്ലാതെ മദ്രസകളില്‍ പഠിക്കുന്ന കുട്ടികളെ സ്‌കൂളുകളില്‍ ചേര്‍ക്കണമെന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നിര്‍ബന്ധിച്ച് മതപഠനം നല്‍കുന്നത് ഭരണഘടനയുടെ 28-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും കമ്മീഷന്‍ പരാമര്‍ശിച്ചു.
മദ്രസയില്‍ പഠിക്കുന്ന മുസ്ലിം കുട്ടികള്‍ക്ക് പൊതു വിദ്യാഭ്യാസവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും കത്തിലുണ്ട്. മദ്രസകള്‍ മതേതര തത്വം പിന്തുടരുന്നില്ലെന്നും കത്തിലുണ്ട്. എന്‍സിഇആര്‍ടിയും എസ് സിഇആര്‍ടിയും നല്‍കുന്ന പാഠ്യപദ്ധതി അനുസരിച്ചല്ല മദ്രസകളില്‍ പഠനവും പരീക്ഷകളും നടത്തുന്നത്. ഇത് സമൂഹത്തില്‍ അവര്‍ക്ക് ഉയരാന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു എന്നും കമ്മിഷന്‍ പറയുന്നു.


