TMJ
searchnav-menu
post-thumbnail

TMJ Daily

ദേശീയ പാത 66: മൂന്ന് റീച്ചുകള്‍ ജൂലൈയില്‍ തുറക്കും

07 Jun 2025   |   1 min Read
TMJ News Desk

ദേശീയ പാത 66ല്‍ നിര്‍മ്മാണം 90 ശതമാനത്തിലേറെ പൂര്‍ത്തീകരിച്ച മൂന്ന് റീച്ചുകള്‍ ജൂലൈയില്‍ ഗതാഗതത്തിനായി തുറക്കുമെന്ന് ദേശീയ പാതാ അതോറിട്ടി അറിയിച്ചു. തലപ്പാടി- ചെങ്കള, കോഴിക്കോട് ബൈപാസ്, വളാഞ്ചേരി- കാപ്പിരിക്കാട് സ്‌ട്രെച്ചുകളാണ് പൂര്‍ത്തിയാകുന്നത്.

ദേശീയ പാത 66ല്‍ ചിലയിടങ്ങളില്‍ മണ്ണിടിച്ചിലും വിള്ളലുമുണ്ടായിട്ടുള്ളതിനെ തുടര്‍ന്ന് എല്ലാ ഭാഗങ്ങളിലും അതോറിട്ടി വിദഗ്ദ്ധ പരിശോധന നടത്തുന്നുണ്ട്. അത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും അതോറിറ്റി പറഞ്ഞു.

ദേശീയ പാത 66ന്റെ ദൈര്‍ഘ്യം ആകെ 701.451 കിലോമീറ്ററാണ്. ഇതില്‍ 600 ഓളം കിലോമീറ്റര്‍ നിര്‍മ്മണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൂരാട് പാലൊളി പാലം, തലശേരി- മാഹി ബൈപാസ്, കഴക്കൂട്ടം ആകാശ പാത, മുക്കോല- കഴക്കൂട്ടം, കാരോട്- മുക്കോല, ഇടപ്പള്ളി- വൈറ്റില- അരൂര്‍, നീലേശ്വരം ടൗണ്‍ ആര്‍ഒബി എന്നീ സ്‌ട്രെച്ചുകളുടെ നിര്‍മ്മാണം നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്.

തിരുവനന്തപുരം ബൈപാസിലെ ബ്ലാക്ക് സ്‌പോട്ടുകള്‍ പരിഹരിക്കല്‍, ആലപ്പുഴ ജില്ലയിലെ അരൂര്‍- തുറവൂര്‍ മേല്‍പ്പാലം, തുറവൂര്‍- പരവൂര്‍, പരവൂര്‍ കൊറ്റുകുളങ്ങര ഭാഗങ്ങളും കോഴിക്കോട്- വെങ്ങളം പോലുള്ള സ്‌ട്രെച്ചുകളില്‍ നിര്‍മ്മാണം 60 ശതമാനത്തിന് താഴെയാണ് പൂര്‍ത്തിയായത്.


#Daily
Leave a comment