
ദേശീയ പാത തകര്‍ച്ച: ഹൈക്കോടതി ഇടക്കാല റിപ്പോര്‍ട്ട് തേടി
സംസ്ഥാനത്ത് നിര്‍മ്മാണം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ദേശീയപാത 66 വിവിധയിടങ്ങളില്‍ മഴയില്‍ തകര്‍ന്നതിനെ കുറിച്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് ദേശീയ പാത അതോറിറ്റിയോടാണ് റിപ്പോര്‍ട്ട് തേടിയത്. അടുത്ത വ്യാഴാഴ്ച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
എങ്ങനെയാണ് വീഴ്ച്ച ഉണ്ടായതെന്നും എന്താണ് പരിഹാരമെന്നും വിശദീകരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടാണ് ദേശീയ പാത അതോറിറ്റി ഹൈക്കോടതിയില്‍ സമര്‍പ്പിക്കേണ്ടത്.
അതേസമയം, കൊച്ചിയിലെ മഴവെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷനെ ഹൈക്കോടതി വിമര്‍ശിച്ചു. മഴക്കാലത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടാല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദികള്‍ ആകുമെന്ന് ഹൈക്കോടതി പറഞ്ഞു.
മഴക്കാലത്തിന് മുമ്പ് കനാലുകള്‍ വൃത്തിയാക്കണമെന്ന് അറിയുന്നതിന് റോക്കറ്റ് സയന്‍സ് പഠിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. നഗരത്തിലെ കാനകളിലെ ചെളി നീക്കം ചെയ്യുന്ന ജോലികള്‍ 30 ശതമാനം പൂര്‍ത്തിയായെന്ന് കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചിരുന്നു.
കൊച്ചിയിലെ റോഡുകള്‍ തകര്‍ന്നതിലും കോടതി വിമര്‍ശനം ഉന്നയിച്ചു. റോഡ് നിര്‍മ്മിക്കാന്‍ ഫണ്ടില്ലെന്ന് പറയുന്നത് ലജ്ജാകരണമാണെന്നും സര്‍ക്കാര്‍ ചടങ്ങുകള്‍ക്ക് പണം ചെലവാക്കുന്നുണ്ടല്ലോയെന്നും കോടതി ചോദിച്ചു. റോഡുകള്‍ നന്നാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എഴുതി തരൂ, ബാക്കി കോടതി നോക്കാമെന്നും ഹൈക്കോടതി പറഞ്ഞു.


