
ദേശീയപാത തകര്‍ന്ന സംഭവം: വീഴ്ച അന്വേഷിക്കാന്‍ മൂന്നംഗ കേന്ദ്ര സംഘം
കേരളത്തിലെ ദേശീയ പാതയിലെ നിര്‍മ്മാണത്തിലെ വീഴ്ചകള്‍ അന്വേഷിക്കാന്‍ കേന്ദ്രം മൂന്നംഗ സംഘത്തെ നിയോഗിച്ചു. സംഘത്തെ ഐഐടി പ്രൊഫസര്‍ കെ ആര്‍ റാവു നയിക്കും.
ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
അതേസമയം കൂരിയാട് ദേശീയ പാത നിര്‍മ്മിച്ച കരാറുകാരായ കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കേന്ദ്ര സര്‍ക്കാര്‍ ഡീബാര്‍ ചെയ്തു. നേരത്തെ നിയോഗിച്ച രണ്ടംഗ വിദഗ്ധസമിതി പ്രാഥമിക വിവരങ്ങള്‍ നല്‍കിയതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. കണ്‍സള്‍ട്ടന്റായ ഹൈവേ എന്‍ജിനീയറിങ് കമ്പനിയേയും വിലക്കി. ഇവര്‍ക്കാര്‍ക്കും തുടര്‍ കരാറുകളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. കമ്പനികളിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡും ചെയ്തു.
റാവുവിന്റെ നേതൃത്വത്തിലുള്ള സമിതി തകര്‍ന്ന ഇടങ്ങള്‍ക്കൊപ്പം കേരളത്തിലെ മറ്റു സ്ഥലങ്ങളിലെ സ്ഥിതിയും പരിശോധിക്കും. കഴിഞ്ഞ ദിവസം ഇ ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ നേരിട്ട് കണ്ട് പരാതി അറിയിച്ചിരുന്നു. നേരിട്ട് നിവേദനം കൊടുക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് മൂന്നംഗ സമിതിയെ കേന്ദ്രം നിയോഗിച്ചത്.


