PHOTO | WIKI COMMONS
ദേശീയപാത വികസനം; കെട്ടിടങ്ങളുടെ കാലപഴക്കം നോക്കി നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം
ദേശീയപാത വികസനത്തിനായി സ്ഥലമേറ്റെടുക്കുമ്പോള്‍ കെട്ടിടങ്ങളുടെ കാലപഴക്കം നോക്കി നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം. കെട്ടിടങ്ങളുടെ പഴക്കം നോക്കി വിലനിര്‍ണയിക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ നിര്‍ദേശം സംസ്ഥാനം അംഗീകരിച്ചു. ദേശീയപാത 66, പുതിയ കോഴിക്കോട്-പാലക്കാട് ദേശീയപാത 966 എന്നിവയ്ക്ക് നിര്‍ദേശം ബാധകമല്ലെന്നാണ് സംസ്ഥാനത്തിന്റെ അറിയിപ്പ്. എന്നാല്‍ ദേശീയപാത 966 ന്റെ കാര്യത്തില്‍ കേന്ദ്രം തീരുമാനം അറിയിച്ചിട്ടില്ലെന്നാണ് വിവരം.
2018 ലെ മാന്വല്‍ അനുസരിച്ചാണ് കെട്ടിടങ്ങളുടെ വിലനിര്‍ണയം നടത്തിയിരുന്നത്. സ്ഥലമേറ്റെടുപ്പിന്റെ നടപടികള്‍ നേരത്തെ ആരംഭിച്ചതിനാല്‍ ദേശീയ പാത 66 പഴയ നിര്‍ദേശ പ്രകാരം തുടരുകയായിരുന്നു. പുതിയ മാന്വല്‍ പ്രകാരം വിസ്തീര്‍ണം തിട്ടപ്പെടുത്തി ഓരോ വിഭാഗമായി കെട്ടിടങ്ങളെ തരംതിരിക്കണം. കെട്ടിടം നിര്‍മിച്ച കാലത്തെ വില റവന്യൂവകുപ്പ് കണ്ടെത്തി അതിന്റെ രണ്ടിരട്ടി വില നല്‍കണം. എന്നാല്‍ വിലനിര്‍ണയം കാലപഴക്കത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ചാല്‍ നഷ്ടപരിഹാര തുക വലിയ രീതിയില്‍ കുറയുമെന്നും രണ്ടിരട്ടി തുക നല്‍കിയാലും പുതിയ കെട്ടിടം നിര്‍മിക്കാനുള്ള പണച്ചെലവോളം വരില്ലെന്നുമാണ് ഉടമകള്‍ ഉയര്‍ത്തുന്ന ആശങ്ക.
നഷ്ടപരിഹാരം നല്‍കുന്നത് ആരംഭിച്ചിട്ടില്ലാത്ത പദ്ധതികള്‍ക്ക് 2018 മാന്വല്‍ പ്രകാരം വില നിശ്ചയിക്കാമെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര നിര്‍ദേശത്തോട് കേരളം യോജിച്ചില്ലെങ്കിലും പിന്നീട് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. കാലപഴക്കമനുസരിച്ച് വിലനിര്‍ണയം നടത്തി നഷ്ടപരിഹാരം നല്‍കാനുള്ള പുതിയ തീരുമാനം സ്ഥലമേറ്റെടുപ്പിന് വീണ്ടും വെല്ലുവിളിയാകുമെന്ന് ഭൂമിയേറ്റെടുക്കല്‍ വിഭാഗത്തിലെ അധികൃതര്‍ പ്രതികരിച്ചു.