
ദേശീയപാത അന്വേഷണം: പദ്ധതി വൈകിപ്പിക്കാനുള്ള വി ഡി സതീശന്റെ സൂത്രവിദ്യയെന്ന് എ വിജയരാഘവന്‍
ദേശീയപാത തകര്‍ന്ന വിഷയത്തില്‍ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെടുന്നത് പദ്ധതി വൈകിപ്പിക്കാനാണെന്ന് സിപിഐഎം നേതാവ് വിജയരാഘവന്‍ ആരോപിച്ചു. ഇത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സൂത്രവിദ്യയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസുകാരുടെ കെട്ടിപ്പിടിത്തം കരടി പിടിക്കുന്നത് പോലെയാണെന്നും സ്‌നേഹമാണെന്ന് കരുതുമെങ്കിലും തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത 66 തകര്‍ന്നതില്‍ പ്രതിപക്ഷം ഇപ്പോള്‍ സന്തോഷിക്കുകയാണെന്നും വിജയരാഘവന്‍ ആരോപിച്ചു. പദ്ധതിയെ കോടതി കയറ്റി നിര്‍മ്മാണം വൈകിപ്പിക്കാനാണ് അന്വേഷണം ആവശ്യപ്പെട്ടത്. പദ്ധതി വൈകിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ സൂത്രവിദ്യയാണ് അന്വേഷണാവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
നല്ല റോഡ് ഉണ്ടായാല്‍ വി ഡി സതീശന് ഗുണമാണെന്നും രാവിലെ എട്ടുമണിക്ക് എറണാകുളത്തുനിന്നും പുറപ്പെട്ടാല്‍ രണ്ട് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. പോകുന്ന പോക്കില്‍ രമേശ് ചെന്നിത്തലയേയും കൂട്ടാമെന്നും വിജയരാഘവന്‍ പറഞ്ഞു.
സതീശന് രാവിലെ എട്ടുമണിവരെ ഉറങ്ങാനും ചെന്നിത്തലയ്ക്ക് സതീശനേക്കാള്‍ അരമണിക്കൂര്‍ കൂടുതല്‍ ഉറങ്ങാനും സാധിക്കുമെന്നും അദ്ദേഹം മലപ്പുറം ചന്തക്കുന്നില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.


